ന്യൂസ് ഡെസ്ക് മലയാളം യുകെ

സിറ്റ് ഡൗൺ പ്രൊട്ടസ്റ്റിനെ തുടർന്ന് സെൻട്രൽ ലണ്ടൻ പാലം അടച്ചതിന് 30 കാലാവസ്ഥ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപരോധത്തിനുള്ള നിരോധനാജ്ഞ ലംഘിച്ചതിന് ഈ ആഴ്ച ജയിലിലടച്ച ഒമ്പത് ഇൻസുലേറ്റ് ബ്രിട്ടൻ പ്രവർത്തകരെ പിന്തുണച്ചാണ് ലാംബെത്ത് ബ്രിഡ്ജിൽ പ്രകടനം നടത്തിയത്. മണിക്കൂറോളം പാലം അടച്ചിട്ട് 250 പേരാണ് സിറ്റ് ഡൗൺ പ്രൊട്ടസ്റ്റിൽ പങ്കെടുത്തത്. സമരത്തിനെതിരെ പബ്ലിക് ഓർഡർ ആക്‌ട് വ്യവസ്ഥകൾ ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഏകദേശം വൈകുന്നേരം ഏഴുമണിയോടെ പാലം വീണ്ടും തുറന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

തടവിലാക്കപ്പെട്ട ഒൻപത് ഇൻസുലേറ്റർ റിട്ടേൺ പ്രവർത്തകർ ‘രാഷ്ട്രീയ തടവുകാർ’ ആണെന്നും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായത് തുടക്കം മാത്രമാണെന്നും കാമ്പെയ്‌നർമാർ ജനക്കൂട്ടത്തോട് പറഞ്ഞു. നിരവധി റോഡുകൾ നിശ്ചലമാക്കി വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സംഭവത്തിൽ ഒൻപതു പ്രതിഷേധക്കാർക്ക് നിരോധനാജ്ഞ ലംഘിച്ചതിന് മൂന്നു മുതൽ നാലു മാസം വരെയുള്ള തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ജയിൽ ഭീഷണികളിൽ തങ്ങൾ പിന്തിരിയില്ലെന്ന് പാലത്തിൽ പ്രതിഷേധിച്ച പ്രവർത്തകർ പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സൃഷ്ടിക്കാൻ “സിവിൽ റെസിസ്റ്റൻസ്” ആവശ്യമാണെന്ന് നോർവിച്ചിൽ നിന്നുള്ള ആനിമേറ്റർ ഗബ്രിയേല ഡിറ്റൺ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന മരണവും കഷ്ടപ്പാടും താരതമ്യപ്പെടുത്തുമ്പോൾ പ്രതിഷേധം മൂലമുണ്ടാകുന്ന തടസ്സം വളരെ ചെറുതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധക്കാരെ ജയിലിലാക്കാൻ കഴിയുമെങ്കിലും ഈ ചെറുത്തുനിൽപ്പിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് സമരത്തിൽ പങ്കെടുത്ത ഗല്ലി ബുജാക്ക് പോലീസിനോട് പറഞ്ഞു. തെരുവുകൾ തങ്ങളുടേതാണെന്നും തങ്ങൾ ഈ നീക്കവുമായി മുന്നോട്ടു പോകുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിൽ പങ്കില്ലെന്ന് ഇൻസുലേറ്റ് ബ്രിട്ടൻ അറിയിച്ചു.

2030 ഓടുകൂടി വീടുകൾ ഇൻസുലേറ്റ് ചെയ്യപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഇത് യുകെയിലെ ഊർജ്ജ ഉപയോഗവും കാർബൺ ബഹിർഗമനവും കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്. റോഡ് ഉപരോധങ്ങൾ തടയുന്നതിന് ഇതുവരെ ഹൈക്കോടതി അഞ്ചു ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. എന്നാൽ ശനിയാഴ്ചത്തെ അറസ്റ്റുകൾ പങ്കെടുക്കുന്നവരുടെ എണ്ണം,സ്ഥലം , ദൈർഘ്യം എന്നിവ പരിഗണിച്ച് പോലീസിൻറെ അധികാരത്തിന് കീഴിൽ നടന്നവയാണ്.