രാജാവായി പിറന്നവന് തലചായിക്കുവാൻ ഇടമില്ല. ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബേതലഹേമിൽ പേർവഴി ചാർത്തുവാനായി കടന്നുവന്നു. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്ക് പ്രസവത്തിനായുള്ള കാലം തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശു തൊട്ടിയിൽ കിടത്തി. (ലൂക്കോ 2: 5- 7 )

ആർഭാടവും വിരുന്നുകളും അലങ്കാരങ്ങളും നമുക്ക് ജനനപ്പെരുന്നാളിന്റെ പ്രതീകമാവുമ്പോൾ രാജാവ് തലചായ്ക്കുവാൻ ഇടമില്ലാതെ അലയുകയാണ്. കുറെ കാലങ്ങൾക്ക് ശേഷം പരീശപ്രമാണി ഞാൻ നിന്നെ അനുഗമിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ കർത്താവ് പറഞ്ഞ മറുപടി കുറുനരികൾക്ക് കുഴിയും പറവകൾക്ക് ‘ആകാശവും ഉണ്ട്’; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കുവാൻ ഇടമില്ല എന്നാണ്.

ആധുനിക സുവിശേഷത്തിന്റെ താത്പര്യക്കാർ ഏറി വരുന്ന കാലമാണ്. ലോക സുഖവും, ധനവും, പ്രതാപവും ഒക്കെ ആണ് ദൈവരാജ്യമായി ഇവർ പഠിപ്പിക്കുന്നത്. അവിടെ തലചായ്ക്കുവാൻ ഇടം അന്വേഷിക്കുന്ന രാജാവിന് എന്ത് പ്രസക്തി. നാമും അത്തരക്കാരല്ലേ. ഭൗതികമായി ഒന്നും സ്ഥാപിക്കാത്തവന് ലോക പ്രകാരമുള്ള കൊട്ടാരങ്ങളും ഇടങ്ങളും ഒരുക്കുവാൻ വെമ്പൽ കൊള്ളുകയാണ് ആധുനിക ക്രൈസ്തവർ. തന്റെ ശരീരം അടക്കുവാൻ പോലും സ്ഥലം അരിമത്ഥ്യക്കാരൻ യൗസേപ്പ് നൽകേണ്ടിവന്നു. സ്വർഗ്ഗരാജ്യത്തിന്റെ മഹിമ പഠിപ്പിക്കുവാൻ അവൻ ഉപമയായി പറഞ്ഞതും ഇപ്രകാരമാണ്. ഒരുവൻ വിലയേറിയ മുത്ത് കണ്ട് പിടിച്ചപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കിയ വ്യാപാരിയോടാണ്.

ഈ കാഴ്ചപാടിലാണ് നമ്മുടെ ആത്മീയതയുടെ കുറവ് നാം തിരുത്തേണ്ടത്. ലൗകികവും ഭൗതികതയും മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ സമൂഹം തിരുത്തപ്പെട്ടേ മതിയാവുകയുള്ളൂ. അക്രൈസ്തവനേക്കാളും തരംതാണ ജീവിതം അതല്ലേ എവിടെയും നാം കാണുന്നത്. സഭകളിലും, സമൂഹങ്ങളിലും, ഭവനങ്ങളിലും എല്ലാം ഈ അധാർമ്മികത നിറഞ്ഞു നിൽക്കുന്നു. ഇതൊരു കുറവായി പോലും കാണാൻ കഴിയാത്ത വണ്ണം അന്ധരായി തീർന്നു. പാപങ്ങളെ പാപം എന്ന് തിരിച്ചറിഞ്ഞ് അനുതപിക്കുവാനോ കുമ്പസാരിക്കുവാനോ പോലും കഴിയുന്നില്ല. പീഡനവും കൊലപാതകവും പോലും നീതികരിക്കുന്നു. എവിടെ ധാർമികത മറഞ്ഞുപോയി. ഒന്നൊന്നായി പരിശോധിക്കുമ്പോൾ തിരുത്തൽ എവിടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ ഒരു മാസക്കാലത്തെ മാധ്യമങ്ങൾ ഒന്ന് പരിശോധിക്കുമ്പോൾ അറിയാം നമ്മുടെ സമൂഹങ്ങളിൽ നടമാടുന്ന കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സംഭവങ്ങൾ തുടർച്ചയായി നടമാടുന്നത്. കുറച്ചു കൂടി ആഴത്തിൽ ഈ വ്യക്തികളിലേക്ക് നോക്കുമ്പോൾ അവരെല്ലാം സഭാമക്കളും നിരന്തരമായി ഇടവകകളുമായി ബന്ധപ്പെട്ട് കഴിയുന്നവരുമാണ്.

ലക്ഷ്യബോധം നഷ്ട്ടപ്പെട്ട തലമുറ. കുറച്ച് ധനം ഉണ്ടേൽ എല്ലാം ആയി എന്നു കരുതുന്ന മുതിർന്നവർ. ഗേറ്റും, മതിലും, വീടും സുരക്ഷിതത്വം നൽകും എന്ന് വിശ്വസിക്കുന്ന കുടുംബസ്‌ഥർ. ഏത് പ്രശ്നത്തിനും മദ്യവും ലഹരിയും പരിഹാരം എന്ന് വിശ്വസിക്കുന്ന ചിലർ. ഇവരെല്ലാം പറയുന്നത് അവർ ക്രിസ്ത്യാനികൾ എന്നാണ്. അപ്പോൾ ഇങ്ങനെ ഉള്ളവരാണോ ക്രിസ്ത്യാനികൾ എന്ന് ആരേലും ചോദിച്ചിട്ടുണ്ടെങ്കിൽ തെറ്റ് പറയുവാൻ നമുക്ക് പറ്റുമോ. ചോദിക്കുക സ്വന്തം മനസാക്ഷിയോട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉത്തരം ലഭിക്കണമെങ്കിൽ ആദ്യം ക്രിസ്തു ആരെന്ന് അറിയണം. അവൻ എന്താണ് പഠിപ്പിച്ചതെന്ന് പഠിക്കണം. അവന്റെ രാജ്യവും ഹിതവും എന്തെന്ന് തിരിച്ചറിയണം. എന്നിട്ട് അവനെ പിന്തുടരണം. അല്പം ബുദ്ധിമുട്ടാണ്. ഈ ക്രിസ്തുമസ് അതിലേക്ക് നമ്മെ നയിക്കണം.നാം അന്വേഷിക്കുന്ന ഇടങ്ങളിൽ ചിലപ്പോൾ അവനെ കണ്ടെത്തുവാൻ കഴിയുകയില്ല. മണിമാളികകളിലും ആഢ്യത്യം ഉള്ളിടങ്ങളിലും അണിഞ്ഞൊരുങ്ങി പോകുന്നവർക്ക് അവൻ അപരിചിതനായിരിക്കും. പകരം ഇന്ന് ബെത്‌ലഹേമിലേക്കു വരൂ. തലചായ്ക്കുവാൻ ഇടമില്ലാതെ അലയുന്ന, കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്കു മുൻപിൽ നിൽക്കുന്ന, മൂകപ്രാണികൾക്ക് നടുവിൽ ഇടം കണ്ടെത്തുന്ന ഒരു ക്രിസ്തുവിനെ നമുക്ക് കാണാം. അവിടെയാണ് ക്രിസ്തു ഉള്ളത്. അവനെയാണ് നാം കണ്ടെത്തേണ്ടത്. അവനിലാണ് നമുക്ക് ആശ്രയം കണ്ടെത്തേണ്ടത്. അവനു മാത്രമേ നമ്മുടെ വേദനകൾ അറിയൂ. ആ കണ്ടെത്തലിലാണ് നമുക്ക് ക്രിസ്തുമസ് ആകേണ്ടത്.

ആയതിനാൽ നമ്മുടെ തെറ്റുകളെ തിരിച്ചറിഞ്ഞ് കൈമോശം വന്നുപോയ നമ്മുടെ ക്രൈസ്തവ ജീവിതം തിരികെ ലഭിക്കുവാൻ ഈ ക്രിസ്തുമസ് ഇടയാക്കട്ടെ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ അവനോടു കൂടി സർവ്വതും ലഭിക്കും എന്ന് അരുളി ചെയ്തവന്റെ ശാശ്വത സമാധാനത്തിന്റെ നല്ല മക്കളായി തീരാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ഛൻ