ബത്‌ലഹേമിലെ 4 വിശേഷങ്ങൾ! ഫാ. ഹാപ്പി ജേക്കബ് എഴുതുന്നു. ഭാഗം – 4

ബത്‌ലഹേമിലെ 4 വിശേഷങ്ങൾ!  ഫാ.  ഹാപ്പി ജേക്കബ് എഴുതുന്നു. ഭാഗം – 4
December 22 03:00 2019 Print This Article

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. ലൂക്കോ 2 : 14

ബേത് ലഹേമിലെ അടുത്ത കാഴ്ച്ച സന്തോഷത്തിന്റെ ചില അനുഭവങ്ങളാണ്. അവനെ കണ്ടുമുട്ടുന്നവരുടെ സന്തോഷം അതാണ് നാം കാണുന്ന അടുത്ത കാഴ്ച. ദൂതന്മാരുടെമഹത്വഗാനം കേൾക്കുന്ന ആട്ടിടയന്മാർ അവനെ കാണുവാൻ തീരുമാനിക്കുന്നു. അവർ ബേതലഹേമിലേക്ക് ചെന്ന് തിരുകുടുംബത്തെ ദർശിക്കുന്നു. ആത്മീകമായ സന്തോഷം നമുക്ക് ലഭിക്കുവാനും ഈ കണ്ടെത്തൽ ആവശ്യമായിവരുന്നു. ആട്ടിടയന്മാരും വിദ്വാന്മാരും എല്ലാം തങ്ങളുടെ കാഴ്ചകൾ വച്ച് വണങ്ങി ആ ദിവ്യ സന്തോഷം അനുഭവിക്കുന്നു. ദൈവപുത്രനെ കാണുമ്പോൾ അവർ അവരെ തന്നെ മറന്നു തങ്ങളുടെ വിശിഷ്ടമായവ തന്നെ കാഴ്ചയായി നൽകുന്നു. ആ കണ്ടെത്തൽ അവർക്ക് നൽകുന്നത് സമാധാനവും സന്തോഷവും സ്നേഹവുമാണ്. രാജത്വത്തിനെ അവസാനമില്ലാത്ത രാജാവിന്റെ സന്നിധിയിൽ നിന്ന് ലഭിക്കുന്ന കൃപകളും അവസാനമില്ലാത്തത് എന്ന് മനസ്സിലാക്കുക.

മൂന്നു തലങ്ങളിലാണ് ഈ ദൈവിക സമാധാനം നാം അനുവർത്തിക്കേണ്ടത്. ആദ്യമായി ദൈവവുമായുള്ള ബന്ധത്തിൽ, അതിലൂടെ മാത്രമേ നമ്മുടെ ഉള്ളിലും സമാധാനം നിറയൂ. നഷ്ടമാകുന്ന ക്ഷണിക ബന്ധങ്ങളെക്കാൾ ശാശ്വതമായ ഈ ദൈവിക ബന്ധം ഈ ജനനത്തിന്റെ കൃപയായി നാം സ്വീകരിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരോടും ഈ സമാധാനം പാലിക്കാൻ നമുക്ക് കഴിയൂ. വാക്കുകളില്ല, ദൈവപുത്രനെ കണ്ടെത്തുന്നവരുടെ സന്തോഷം വേണം ഈ ക്രിസ്തുമസിൽ നാം പകരേണ്ടത്. ഇന്ന് ലോകത്തിലേക്ക് നാം നോക്കുമ്പോൾ സമാധാനവും സന്തോഷവും ഒക്കെ അന്വേഷിക്കുന്ന ധാരാളം അനുഭവങ്ങൾ. അവിടെയൊക്കെ ബേത്‌ലഹേമിലെ ഈ സന്തോഷവും സമാധാനവും നാം കൊടുക്കേണ്ടവരാണ്.

ലൗകിക തൃപ്തി നിറയുന്ന ഈ കാലങ്ങളിൽ എവിടെയും കലഹങ്ങളും കലാപങ്ങളും അതിനെ കാരണങ്ങളും ഉണ്ട്. നിലനിൽക്കുന്നതോ ആചരിക്കുന്നതോ ആയ ഏതെങ്കിലും ആശയങ്ങൾക്ക് ഉണ്ടാകുന്ന ചലനങ്ങൾ പോലും ഇന്ന് അസാമാധാനം വിതയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും, ക്ഷാമവും എല്ലാം അസമാധാനത്തിന് കാരണമാകുന്നു. ആശ്വസിപ്പിക്കുവാൻ പോലും വാക്കുകളും വ്യക്തികളും ഇല്ലാത്ത ഈ കാലത്തിന്റെ സമാധാന വാഹകർ നാമായിത്തീർന്നു കൂടെ. അതിനുവേണ്ടി ബേത്‌ലഹേമിലെ ഈ സന്തോഷം നാം പ്രാപിക്കുക.

അടുത്തതായി നാം കാണേണ്ടത് തിരു കുടുംബത്തെയാണ്. മറിയവും യൗസേപ്പും ക്രിസ്തുവും അടങ്ങുന്ന ആ കുടുംബം. വലുതോ ചെറുതോ ആയിക്കോട്ടെ ക്രിസ്തു ഉൾപ്പെടാതെയുള്ള ഒരു ജീവിതം നമുക്ക് ആവശ്യമില്ല. ഇന്ന് നാം കാണുന്നതോ അറിയാവുന്നതോ അല്ല നമ്മുടെ ഭവനങ്ങളിൽ പോലും പല സമയങ്ങളിലും ഈ മാതൃക പാലിക്കപ്പെടുവാൻ കഴിയുന്നില്ല. ക്രിസ്തുവിനാലാണ് വ്യക്തികളെ കൂട്ടിച്ചേർത്ത് കൗദാശികമായി കുടുംബങ്ങളായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്നുള്ള തെറ്റിദ്ധാരണ മനുഷ്യബന്ധങ്ങളാണ് ആധാരം എന്നുള്ളത്. അങ്ങിനെ ആണ് ദൈവഭയമില്ലാതെ ഏതു സമയത്തും അവനവന്റെ ഇഷ്ടം അനുസരിച്ച് ബന്ധങ്ങൾ ഇട്ടേച്ചു പോകുന്നത്. ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള കുടുംബങ്ങൾ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന ബന്ധങ്ങൾ ആയിത്തീരും.

ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം എന്നതിനേക്കാൾ നാം പറഞ്ഞ ശീലിക്കുക അവരോടൊപ്പം ക്രിസ്തുവും അടങ്ങുന്ന കുടുംബം എന്ന്. യൗസേപ്പും മറിയവും അവരുടെ യാതനകളും നാം ഒന്ന് കാണുക. ക്രിസ്തു നിമിത്തം അവർ അതിനെയെല്ലാം അതിജീവിച്ച് നമുക്ക് മാതൃകയായി.

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുവാൻ കഴിഞ്ഞതും നാളെ സംഭവിക്കുന്നതുമായ കുടുംബങ്ങളിൽ ശിഥിലത ബേത്‌ലഹേമിലെ ഈ കാഴ്ച മാറ്റിതരട്ടെ.

ഇങ്ങനെ ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ പല അനുഭവങ്ങളും നാം കണ്ടു. ചിലത് നമുക്ക് അറിയാവുന്നതും ചിലത് അറിഞ്ഞിട്ടും തിരിച്ചറിയാത്തതും ആയിരുന്നു. നാം ആചരിച്ചു വന്ന ക്രിസ്തുമസ് അല്ല, അനുഭവിച്ച സന്തോഷം നിത്യസന്തോഷമല്ല അനുഭവിക്കുന്ന സമാധാനം നിത്യസമാധാനവുമല്ല. ഏതവസ്ഥയിലും നമുക്ക് വേണ്ടി ജനിച്ച ആ ക്രിസ്തുവും അവന്റെ സന്ദേശവും ആണ് നിത്യസമാധാനവും സന്തോഷവും സ്നേഹവും നമുക്ക് തരുന്നത്.ആയതുകൊണ്ട് ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് നമുക്ക് വേണ്ട. മോടിയും ആഡംബരവും വിരുന്നും കുറഞ്ഞാലും അതിനേക്കാൾ ശ്രേഷ്ഠമായ ദാനം ; അത് ക്രിസ്തു എന്ന തിരിച്ചറിവിലൂടെ ഈ ക്രിസ്തുമസ് ആചരിക്കുവാൻ നമുക്ക് സാധിക്കട്ടെ. എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.

സ്നേഹത്തോടെ
നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ.

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles