ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പ്രസവ പരിചരണത്തിൽ ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ വീഴ്ച ശരിവെച്ചുകൊണ്ട് അന്വേഷണ റിപ്പോർട്ട്. മെച്ചപ്പെട്ട പ്രസവ പരിചരണം നൽകിയിരുന്നെങ്കിൽ 201 കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. സീനിയർ മിഡ്‌വൈഫ് ഡോണ ഒക്കൻഡെന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. അന്വേഷണത്തിന്റെ പൂർണ്ണ റിപ്പോർട്ട് ഇന്ന് രാവിലെ പത്തു മണിക്ക് പ്രസിദ്ധീകരിക്കും. സ്വഭാവിക പ്രസവം പ്രോത്സാഹിപ്പിച്ചതിലൂടെ മുന്നൂറോളം നവജാത ശിശുക്കൾ മരിക്കാനിടയായി. അമ്മമാരെയും ഇത് അപകടത്തിലാക്കി.
ഹോസ്പിറ്റൽ ട്രസ്റ്റിനെതിരായ 1,862 കേസുകൾ അന്വേഷണ സംഘം പരിശോധിച്ചു. ഭൂരിഭാഗം കേസുകളും 2000 മുതൽ 2019 വരെയുള്ളതാണ്. പ്രസവ ശുശ്രൂഷയിലെ പരാജയങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം
ഏറ്റെടുക്കുന്നുവെന്നും ആത്മാർത്ഥമായ ക്ഷമാപണം നടത്തുന്നുവെന്നും ട്രസ്റ്റ് മുമ്പ് പറഞ്ഞിരുന്നു.
ട്രസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് വെസ്റ്റ് മെർസിയ പോലീസും അന്വേഷിക്കുന്നുണ്ട്. ട്രസ്റ്റിന്റെ പരിചരണത്തിലെ വീഴ്ചകൾ കാരണം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട രണ്ട് അമ്മമാരുടെ പോരാട്ടമാണ് അന്വേഷണത്തിന് വഴിതുറന്നത്. അന്വേഷണം ആവശ്യപ്പെട്ട് 2016 ഡിസംബറിൽ അവർ അന്നത്തെ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന് കത്തെഴുതി. 2017 മെയ് മാസത്തിൽ, അന്വേഷണത്തിന് നേതൃത്വം നൽകാൻ അദ്ദേഹം ഡോണ ഒക്കൻഡനെ നിയമിച്ചു. അഞ്ചു വർഷം നീണ്ട അന്വേഷണത്തിന്റെ ഫലങ്ങളാണ് ഇന്ന് പുറത്തുവരുന്നത്.
Leave a Reply