കോവിഡ് 19 നെ പ്രതിരോധിക്കാൻ ഉതകുന്ന നാസൽ സ്പ്രേയുടെ ക്ലിനിക്കൽ ട്രയൽസ് അടുത്ത തിങ്കളാഴ്ച മുതൽ യുകെയിൽ ആരംഭിക്കും. 99.9% വൈറസുകളെയും നശിപ്പിക്കാൻ ഉതകുന്ന നാസൽ സ്പ്രേ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള പടയൊരുക്കത്തിൽ നിർണായകമാകുമെന്നാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. സനോടൈസ് നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേ ശ്വാസകോശത്തിലേയ്ക്ക് വൈറസ് വ്യാപിക്കുന്നത് തടയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

കാനഡയിലെ വാൻ‌കൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സനോ‌ടൈസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ശാസ്ത്രജ്ഞർ മനുഷ്യശരീരത്തിലെ കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കാൻ നൈട്രിക് ഓക്സൈഡ് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. നാസാരന്ധ്രങ്ങളിൽ പ്രവേശിച്ച വൈറസിനെ നാസൽ സ്പ്രേ വഴി നശിപ്പിക്കുന്നതിലൂടെ ശ്വാസകോശത്തിലേയ്ക്കുള്ള വൈറസിൻെറ തുടർ വ്യാപനം തടയാൻ കഴിയും. ഇത് വൈറസിനെ നശിപ്പിക്കുന്നതിനായി കൈകളിൽ അണുനാശിനി ഉപയോഗിക്കുന്നതിന് സമാനമാണെന്ന് നാസൽ സ്പ്രേയുടെ ക്ലിനിക്കൽ ട്രയൽസിൽ നേതൃത്വം വഹിക്കുന്ന മുൻ കൺസർവേറ്റീവ് എം‌പി റോബ് വിൽ‌സൺ പറഞ്ഞു.

ഇതേസമയം ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ഉതകുന്ന തരത്തിലുള്ള 7 വാക്സിനേഷൻ സെൻററുകൾ തുറക്കാൻ തീരുമാനമായി. തത്‌ഫലമായി നിലവിലുള്ളതിനേക്കാൾ കൂടുതൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി പകുതിയോടെ യുകെയിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.