ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ കപ്പൽ ഇടിച്ച് 3 തൊഴിലാളികൾ മരിച്ചു. ഒമ്പതു പേരെ കാണാതായി. രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനു 60 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബേപ്പൂരില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച്ച പോയ റാബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടലിലുള്ള മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിലേക്ക് വിവരം അറിയിച്ചത്. ബോട്ടില്‍ 14 പേരുണ്ടായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ 7 പേര്‍ കുളച്ചല്‍ സ്വദേശികളാണ്.

ഏഴു പേര്‍ ബംഗാളികളുമാണെന്നാണ് അറിയുന്നത്. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്. കാണാതായവർക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്‌.