പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ വിചാരണ ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഈയവസ്ഥയിലേക്ക് നാളെ സ്ത്രീ സമൂഹമെത്തിയാല്‍, ഇതാവര്‍ത്തിച്ചാല്‍ അതിന് കുറ്റക്കാര്‍ ആരാണെന്ന് നമ്മള്‍ സ്വയം ചിന്തിക്കണമെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :-

സ്വാമി എന്ന പദം ഞാൻ ഉപയോഗിക്കുന്നില്ല. ആ വൃത്തികെട്ടവന്റെ ലിംഗം ഛേദിച്ച ആ പെൺകുട്ടിയെ ഫേസ് ബുക്കിലൂടെ ചിലർ വിചാരണ ചെയ്യുന്നു .. ഇത്രയും കാലം മിണ്ടാതിരുന്നതെന്താ,? വീട്ടിൽ താമസിപ്പിച്ചതെന്തിനാ,? ഇന്ന് ചെയ്തത് അന്നേ ചെയ്തു കൂടായിരുന്നോ,? വീട്ടിൽ പറയാത്തതെന്താ,? സുഹൃത്തുക്കളോട് പറയാമായിരുന്നില്ലേ,? പോലീസിൽ പറയാമായിരുന്നില്ലേ,? വനിതാ കമ്മിഷനിൽ പറയാമായിരുന്നില്ലേ?
ഹൊ എന്തൊക്കെ ചോദ്യ ശരങ്ങളാണ്.

വല്ലാതെ സങ്കടം തോന്നുന്നു…എന്താണീ മനുഷ്യരിങ്ങനെ?.നിങ്ങൾ പറഞ്ഞ രീതിയിലെല്ലാം ചെയ്ത പെൺകുട്ടികളുടെ കേസുകളുടെ ഇന്നത്തെ അവസ്ഥയെന്താണ്?ഇപ്പോഴും തലയിൽ തുണിയുമിട്ട് തെളിവുകൾക്കായി തെക്കോട്ടും വടക്കോട്ടും നെട്ടോട്ടമോടുന്നു..ചിലർ മരണപ്പെടുന്നു അല്ലെങ്കിൽ കൊല്ലുന്നു. കുറ്റവാളികളോ? അട്ടഹാസച്ചിരിയോടെ അത് കണ്ട് രസിക്കുന്നു.
സമൂഹമോ?സഹതപിക്കുന്നു..

സൂര്യനെല്ലി പെൺകുട്ടിയോട് കോടതിയും നമ്മളും ചോദിച്ചു നിനക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്ന്. ഡെൽഹി പെൺകുട്ടിയോട് ചോദിച്ചു എന്തിന് രാത്രി കറങ്ങി നടന്നു എന്ന് സൗമ്യയോട് ഒറ്റക്ക് ട്രെയിനിൽ ഇരുന്നതെന്തിനെന്ന് ചോദിച്ചു ജിഷ അഹങ്കാരിയായിരുന്നു. ഇതെല്ലാം ബലാത്സംഗം ചെയ്യാനുളള കാരണവും ലൈസൻസുമാണോ? കഷ്ടം…ഇതിങ്ങനെ കാലാകാലം ആവർത്തിച്ച് കാണാനാണ് നിയമത്തിനും സമൂഹത്തിനും താല്പര്യം..ഞങ്ങൾ നിന്നെ സംരക്ഷിക്കില്ല നീയും നിന്നെ സംരക്ഷിക്കണ്ട എന്നാണോ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു പെൺകുട്ടി വെല്ലു വിളിച്ചിരിക്കുകയാണ് .സ്വന്തം മാതാപിതാക്കളോട്, നിയമ സംവിധാനങ്ങളോട് സമൂഹത്തോട്..ഈ പറഞ്ഞ രീതിയിലെല്ലാം ഞാൻ ചെയ്തിരുന്നെങ്കിൽ? എനിക്ക് നീതി കിട്ടുമെന്ന് ഉറപ്പു കൊടുക്കാൻ ആർക്കെങ്കിലും സാധിക്കുമായിരുന്നോ എന്ന്. അവളോട് കാണിച്ചുകൊണ്ടിരുന്ന ഈ അതിക്രമത്തിന് മാനസികമായും ശാരീരികമായും തയാറെടുക്കാൻ അവൾക്കിത്രയും കാലം വേണ്ടിവന്നു.അവൾക്ക് തോന്നിയിരിക്കാം പോയി പറയാനൊരിടമില്ല,പറഞ്ഞിട്ട് കാര്യവുമില്ല. എന്റെ കോടതിയിൽ ഞാൻ വിധി നടപ്പാക്കുന്നു. എന്റെ പ്രായത്തിന്റെ, ശരീരത്തിന്റെ, സമൂഹത്തിന്റെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട്,നിയമത്തിന്റെ പഴുതുകൾ
ഉപയോഗിച്ചുകൊണ്ട് എന്റെ ശരീരത്തെ ചൂഷണം ചെയ്യുന്നവന് ഞാൻ ശിക്ഷ നൽകുന്നു. അവിടെ ജനാധിപത്യമില്ല,വിചാരണയില്ല. എന്റെ സുരക്ഷിതത്വം എന്റെ കൈയിലാണ് എന്ന വിധിയേയുളളു..

നമ്മുടെ നിയമത്തിന്റെ മുമ്പിൽ ആളൂരിനെപ്പോലെ ഒരു വക്കീലിന്റെ വാദത്തിൽ നാളെ അവൾക്ക് ശിക്ഷ കിട്ടിയാലും അവൾ തളരില്ല.കാരണം അവനെ ലിംഗഛേദം ചെയ്യാതെ വെറുമൊരു ബലാത്സംഗ കേസായിരുന്നെങ്കിൽ വിചാരണയുടെ പേരിൽ അവളെ അപമാനിച്ച് ശിക്ഷിക്കുന്നതിലും എത്രയോ അഭിമാനമുണ്ട് ഈ ശിക്ഷയിൽ..ഇനിയൊരു പെണ്ണിനെ തൊടാൻ അവന് ധൈര്യമുണ്ടോ.? അതവൾക്കറിയാം.. അതിനായിരിക്കാം ആ പെൺകുട്ടി നിയമത്തിൽ ബിരുദമെടുക്കുന്നത്.. പ്രായ വിത്യാസമില്ലാതെ ദിനംപ്രതി വർദ്ധിച്ചുവരുന്ന ബലാത്സംഗം എന്തുകൊണ്ടാണ് സംഭവിക്കുന്നത്?.
ഇന്നവൾ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് നൽകിയ ഒരു സന്ദേശമുണ്ട്,
നിന്നെ സംരക്ഷിക്കാൻ നീ ആയുധമെടുക്കൂ എന്ന്.
ഈയസ്ഥയിലേക്ക് നാളെ സ്ത്രീ സമൂഹമെത്തിയാൽ ഇതാവർത്തിച്ചാൽ അതിന് കുറ്റക്കാർ ആരാണെന്ന് നമ്മൾ സ്വയം ചിന്തിക്കണം…