ഇന്ത്യൻ വംശജയായ ഭവ്യ ലാൽ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്‌ടിംഗ് ചീഫ് ഓഫ് ‌സ്‌റ്റാഫ് ആയി നിയമിതയായി. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസിയിൽ അംഗമായിരുന്നു ഭവ്യ.ബഹിരാകാശ സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും വലിയ അനുഭവ സമ്പത്തുള‌ളയാളാണ് ഭവ്യയെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഫോർ ഡിഫെൻസ് അനാലിസിസ് സയൻസ് ആന്റ് ടെക്‌നോളജി പോളിസി ഇൻസ്‌റ്റി‌റ്റ്യൂട്ടി(എസ്.ടി.പി.ഐ)ൽ 2005 മുതൽ 2020 വരെ ഗവേഷണ അംഗമായി പ്രവർത്തിച്ച അനുഭവ പരിചയം ഭവ്യ ലാലിനുണ്ട്.

വൈ‌റ്റ് ഹൗസിലെ സയൻസ് ആന്റ് ടെക്‌നോളജി പോളിസി ആന്റ് നാഷണൽ സ്‌പേസ് കൗൺസിലിൽ യുദ്ധപ്രധാനമായബഹിരാകാശ സാങ്കേതികവിദ്യ ചുമതലകൾ ഭവ്യക്കുണ്ടായിരുന്നു.രാജ്യത്തെ അഞ്ച് പ്രമുഖ സയൻസ് കമ്മി‌റ്റികളെ നയിക്കുകയോ അംഗമാകുകയോ ചെയ്‌തിട്ടുണ്ട്. എസ്.ടി.പി.ഐയിലെത്തും മുൻപ് ശാസ്‌ത്ര സാങ്കേതികവിദ്യ പോളിസി ഗവേഷണ കൺസൾട്ടൻസി സ്ഥാപനമായ സി-എസ്ടിപിഎസ് എൽഎൽസിയുടെ അദ്ധ്യക്ഷയായിരുന്നു ഭവ്യ.

ബഹിരാകാശ രംഗത്തെ സംഭാവനകൾക്ക് അന്താരാഷ്‌ട്ര ബഹിരാകാശയാത്രാ ഗവേഷണ അക്കാഡമിയിൽ ഭവ്യയെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആണവ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള‌ള ഇവർ സയൻസ് ആന്റ് ടെ‌ക്‌നോളജി ആന്റ് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജോർജ് വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് ഡോക്‌ടറേ‌റ്റും നേടി.