മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുള്ള മരണസംഖ്യ കൂടുന്നു. ഇതുവരെ പത്ത് മരണം സ്ഥിരീകരിച്ചു. ഇരുപതിലേറെപ്പേരെ രക്ഷിച്ചു. ആള്ക്കാര് നല്ല ഉറക്കത്തിലായിരുന്ന പുലര്‍ച്ചെ മൂന്ന് മണിയോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഇനിയും 20 – 25 പേര് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
താനെ നഗരസഭയ്ക്കു കീഴിലുള്ള ഭീവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലുള്ള കെട്ടിടം തകര്‍ന്നുവീണത്. 12 ലധികം കുടുംബങ്ങള്‍ ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നു എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ പിഞ്ചു കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നായ്ക്കളെ ഉപയോഗിച്ചും സാങ്കേതിക സംവിധാനം ഉപയോഗിച്ചുമുള്ള തെരച്ചില്‍ തുടരുകയാണ്. ഭീവണ്ടി പട്ടേല്‍ വളപ്പിലെ ജിലാനി അപ്പാര്‍ട്ട്മെന്റ് എന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്നു വീണത്. പുതിയ സംഭവത്തോടെ ഭിവാണ്ടിയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണ രീതിയുടെ കണക്കെടുപ്പ് നഗരസഭ തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 24 ന് മഹാരാഷ്ട്രയിലെ തന്നെ റെയ്ഗാര്‍ഡ് ജില്ലയിലെ മഹദ് ഏരിയയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു അഞ്ചു നില കെട്ടിടം തകര്‍ന്നു വീണിരുന്നു.
Leave a Reply