ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ചത് ഇരുപത് ഇന്ത്യൻ സൈനികർ; ചൈനീസ് ഭാഗത്തും കനത്ത ആൾനാശം ഉണ്ടായതായി റിപ്പോർട്ട്

ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ചത് ഇരുപത് ഇന്ത്യൻ സൈനികർ; ചൈനീസ് ഭാഗത്തും കനത്ത ആൾനാശം ഉണ്ടായതായി റിപ്പോർട്ട്
June 16 21:12 2020 Print This Article

ന്യൂഡൽഹി ∙ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്കു വീരമൃത്യു. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേർ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ‍റിപ്പോർട്ടുണ്ട്. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോർട്ടുണ്ട്.

ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാനേതൃത്വം നിർദേശം നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.

ഇതാദ്യമായാണു ചൈനീസ് സേന ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്. ഗൽവാനിലേക്ക് ഇന്ത്യൻ സേന അതിക്രമിച്ചു കടന്നുവെന്ന് ചൈന ആരോപണമുന്നയിച്ചത് അതിർത്തി സംഘർഷം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനയാണ്. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന 3488 കിലോമീറ്റർ നീളമേറിയ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) സുരക്ഷാ ചുമതല കരസേനയുടെ 5 കോർ കമാൻഡുകൾക്കാണ്. 3 ലക്ഷത്തോളം സേനാംഗങ്ങളാണ് ഇവിടെയുള്ളത്. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറ്, ഷില്ലോങ് ആസ്ഥാനമായ കിഴക്ക് വ്യോമ കമാൻഡുകൾക്കാണ് അതിർത്തിയുടെ വ്യോമ സുരക്ഷയുടെ ചുമതല.

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പളനി, കേണൽ ബി. സന്തോഷ് ബാബു, സീപോയ് ഓജ എന്നിവർ

soldiers-died-india-china-disputeപടിഞ്ഞാറൻ വ്യോമ കമാൻഡിനു നേതൃത്വം നൽകുന്നത് മലയാളിയാണ് – തിരുവനന്തപുരം സ്വദേശി എയർ മാർഷൽ ബി.സുരേഷ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമ താവളങ്ങളിൽ യുദ്ധവിമാനങ്ങൾ സജ്ജമാണ്. കൂടുതൽ സേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സേനാ സന്നാഹങ്ങളെയും അതിർത്തി മേഖലകളിലേക്കെത്തിക്കുന്നതിനുള്ള ചരക്കു വിമാനങ്ങളും താവളങ്ങളിൽ തയാറാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles