ജിബിൻ ആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം

സംഗീതത്തെയും പാട്ടുകളെയും സ്നേഹിക്കുന്ന ലോകമെമ്പാടും ഉള്ള സംഗീത ആസ്വാദകരും സംഗീതപ്രേമികളും കേൾക്കരുതേ എന്നാഗ്രഹിച്ച വാർത്ത ആയിരുന്നു ഇന്നലെ സംഭവിച്ചത്.ഏവരെയും വേദനിപ്പിച്ചു കൊണ്ട് അതുല്യ ഗായകൻ, സംഗീതം പഠിക്കാതെ തന്നെ ദൈവം കണ്ഡത്തിൽ തൊട്ടനുഗ്രഹിച്ച ആ ശബ്ദമാധുര്യ,മാന്ത്രിക ഗായകൻ എസ്പിബി എന്ന എസ്.പി.ബാലസുബ്രഹ്മണ്യം സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ ഉച്ചയ്ക്ക് 1:04 ന് യാത്രയായി. ആന്ധ്രാപ്രദേശിൽ നെല്ലൂരിനടുത്ത് കൊനെട്ടമ്മപേട്ടയിൽ ജനിച്ച എസ്പിബി തന്റെ സംഗീതത്തോടുള്ള താൽപര്യം മൂലം എൻജിനീയറിങ് പാതിവഴിയിൽ ഉപേക്ഷിച്ചു സംഗീതലോകത്തേയ്ക്ക് കടന്നു വന്നപ്പോൾ അതൊരു വിസ്മയമായി മാറുകയായിരുന്നു.

പാട്ടിലൂടെ മലയാളം, തമിഴ്, കന്നഡ സിനിമാലോകത്തെ സംഗീത പ്രേമികളുടെ മനം കീഴടക്കിയ എസ്പിബി ഹിന്ദി,തെലുങ്ക്, തുളു,ഒറിയ, അസമീസ് ,പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി നാൽപതിനായിരത്തോളം പാട്ടുകൾ ആലപിച്ചു സംഗീതലോകത്ത് ഇന്ദ്രജാലം സൃഷ്ടിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യച്ചിട്ടില്ലാത്ത എസ്പിബി ശങ്കരാഭരണം പോലെയുള്ള ശാസ്ത്രീയ സംഗീത ഗാനങ്ങൾ പാടി സംഗീതലോകത്തെ വിസ്മയിപ്പിച്ചു. 6 ദേശീയ പുരസ്കാരങ്ങൾ ഈ സംഗീത മാന്ത്രികനെ തേടിയെത്തി. പത്മശ്രീ, പത്മവിഭൂഷൺ എന്നീ അംഗീകാരങ്ങൾ നൽകി രാജ്യം ആദരിച്ചു.

1996ൽ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തന്റെ സംഗീത യാത്രയ്ക്ക് തുടക്കം എങ്കിലും എംജിആർ നായകനായ ‘അടിമൈപ്പെൺ’ എന്ന തമിഴ് സിനിമയിലെ പാട്ടിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്. പിന്നീട് അങ്ങോട്ട് ദക്ഷിണേന്ത്യൻ സംഗീതത്തിൽ എസ്പിബി തീർത്തത് ഹിറ്റുകളുടെ പെരുമഴ. ഇളയനിലാ, മലരേ മൗനമാ, ഇതൊ ഇതൊ എൻ പല്ലവി, മണ്ണിൽ ഇൻത കാതൽ എൻട്രൈ തുടങ്ങി നിരവധി ഹിറ്റ്‌ഗാനങ്ങൾ. മലയാളത്തിൽ ആണെങ്കിൽ1969 ൽ ഇറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും വാനവും ഭൂമിയും കടന്ന്’,എന്ന ഗാനത്തിലൂടെ തുടക്കം ഇട്ട അദ്ദേഹം, ഓർമകളിൽ,നീലസാഗരതീരം,സ്വർണ മീനിന്റെ ചേലൊത്ത, താരാപഥം ചേതോഹരം, ഊട്ടിപ്പട്ടണം, പാൽനിലാവിലെ, കാക്കാല കണ്ണമ്മ, മട്ടുപൊങ്കൽമാസം, മേനെ പ്യാർ കിയാ തുടങ്ങി നൂറിലേറെ ഗാനങ്ങൾ ആലപിച്ചു.

പാട്ടിനപ്പുറം നടൻ,സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ടിവി അവതാരകൻ എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.’എൻ ശ്വാസം നിലച്ചാലും നിനൈവാലെ ഉണർത്തും ഞാൻ’ എന്ന് പാടിയ എസ്പിബി സർ വിടവാങ്ങുമ്പോൾ ,ആ ശ്വാസം നിലച്ചാലും താൻ ചെയ്തു വച്ച ഗാനങ്ങളിലൂടെ ആ നിനൈവാലെ നമ്മളെ അദ്ദേഹം ഉണർത്തിക്കൊണ്ടേ ഇരിക്കും.നമ്മളിലൂടെ അദ്ദേഹം ജീവിക്കും….
പ്രണാമം