ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടിയേറ്റക്കാരെ അധിവസിപ്പിച്ചിരുന്ന ബിബ്ബി സ്റ്റോക്ഹോം ബാർജിന്റെ ചുറ്റുമുള്ള വെള്ളത്തിൽ ലീജിയനല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ചതായുള്ള പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഡോർസെറ്റിലെ കപ്പലിലുണ്ടായിരുന്ന 39 കുടിയേറ്റക്കാരെയും മുൻകരുതൽ എന്ന നിലയിൽ അവിടെ നിന്ന് മാറ്റിയതായി ആഭ്യന്തര ഓഫീസ് അറിയിച്ചു. ലീജിയനല്ല ബാക്ടീരിയ മൂലം ശ്വാസകോശ രോഗങ്ങളും, ലീജിയണയർസ് എന്ന് ഒരു വിഭാഗത്തിൽപ്പെട്ട ന്യുമോണിയയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. കുടിയേറ്റക്കാർക്കു വേണ്ടിയുള്ള ചിലവുകൾ കുറയ്ക്കുന്ന ഗവൺമെന്റിന്റെ നടപടിയുടെ ഭാഗമായാണ് ഇത്തരത്തിൽ എൻജിൻ ഇല്ലാത്ത ഒരു ബാർജ് അഥവാ കപ്പലിൽ കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്നത്. നിലവിൽ എല്ലാവരെയും അവിടെനിന്ന് നീക്കം ചെയ്ത് മറ്റൊരു ഹോട്ടലിലേക്ക് പാർപ്പിച്ചതായും, ഒരാഴ്ചയ്ക്ക് ശേഷം ഇവരെ തിരികെ കപ്പലിലേക്ക് മാറ്റുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 18 നും 65 നും ഇടയിൽ പ്രായമുള്ള ഏകദേശം 500 ഓളം പുരുഷന്മാരെ അവരുടെ അസൈലം ആപ്ലിക്കേഷൻസ് നടപടി ഉണ്ടാകുന്നതുവരെ ഇത്തരത്തിൽ കപ്പലിൽ പാർപ്പിക്കുവാനാണ് ഗവൺമെന്റ് തീരുമാനം. ഇതുവരെയും കപ്പലിൽ ഉണ്ടായിരുന്ന ആർക്കും രോഗം ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഉടലെടുക്കാൻ 16 ദിവസത്തോളം ആകുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഇത്തരത്തിൽ കപ്പലിൽ ആളുകളെ പാർപ്പിക്കുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ പലസ്ഥലങ്ങളിൽ നിന്നും ഗവൺമെന്റിനെതിരെ ഉയർന്നുവന്നിരുന്നു. തികച്ചും മനുഷ്യത്വ ഹീനമായ പ്രവർത്തിയാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പല മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അവസ്ഥ ഗവൺമെന്റിന്റെ കുടിയേറ്റ നയത്തിന് ഏറ്റ കനത്ത ആഘാതമാണ്. ഇത്തരത്തിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിന് ബാർജുകൾ ഉപയോഗിക്കുന്നത് മുൻപ് പരീക്ഷിച്ച് വിജയിച്ച നടപടി ആണെന്നാണ് സർക്കാർ വാദിക്കുന്നത്. ഏകദേശം 50,000 ത്തോളം കുടിയേറ്റക്കാരെ ഒരു ദിവസം ഹോട്ടലുകളിലും മറ്റ് ഇടങ്ങളിലും പാർപ്പിക്കുന്നതിന് ആറ് മില്യൺ പൗണ്ടോളം തുക ചിലവാക്കേണ്ടതായി വരും എന്നും ഇതിന് പ്രതിവിധിയാണ് ഇത്തരത്തിലുള്ള നടപടികൾ എന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്