ഷിബു മാത്യൂ
മലയാളം യുകെ ന്യൂസ് ടീം
ബ്രിസ്‌റ്റോള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് ബ്രിസ്‌റ്റോളില്‍ വര്‍ണ്ണാഭമായ തുടക്കം. ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍.
ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ എട്ട് സ്റ്റേജുകളില്‍.
ആദം മുതല്‍ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള കാലഘട്ടം കലാരൂപങ്ങളാകുന്നു.
വിശുദ്ധ നാടിന്റെ പ്രതീതിയില്‍ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍. രാവിലെ ഒമ്പത് മണിക്കു തന്നെ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ നിലവിളക്കു കൊളുത്തി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ മത്സരത്തേക്കാള്‍ ഉപരിയായിട്ട് വചനത്തിന്റെ പ്രഘോഷണവും സാക്ഷ്യവുമാകണം ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യമെന്ന് അഭിവന്ദ്യ പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വി. ബൈബിളിലെ മര്‍ത്തമറിയത്തിന്റെ കഥ ഉദാഹരണമായി പിതാവ് ചൂണ്ടിക്കാട്ടി. മര്‍ത്തമറിയം വിവിധ കാര്യങ്ങളില്‍ വ്യാപരിക്കാതെ കര്‍ത്താവെന്ന ഏക ലക്ഷ്യത്തിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മുതിര്‍ന്നവര്‍ക്കും വളര്‍ന്നു വരുന്നവരുന്ന കുട്ടികള്‍ക്കും ഇതേ ലക്ഷ്യമാവണം ഈ ബൈബിള്‍ കലോത്സവം കൊണ്ട് ഉണ്ടാവേണ്ടതെന്നും ആരോഗ്യപരമായ മത്സരങ്ങളാണ് സഭ ആഗ്രഹിക്കുന്നതെന്നും അഭിവന്ദ്യ പിതാവ് തന്നെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനത്തോടൊപ്പം വിശുദ്ധ ബൈബിളിന്റെ പ്രസക്തി വിളിച്ചോതുന്ന ബൈബിള്‍ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് കലോത്സവത്തിന്റെ സുവനിയറിന്റെ പ്രകാശന കര്‍മ്മം നടന്നു. ബൈബിള്‍ കലോത്സവത്തിന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവില്‍ നിന്ന് ആദ്യ പ്രതി സ്വീകരിച്ച് അഭിവന്ദ്യ പിതാവ് സുവനിയര്‍ പ്രകാശനം ചെയ്തു.
രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്നായി ബഹു. വൈദീകരും സന്യസ്തരുമടക്കം ആയിരക്കണക്കിനാളുകള്‍ രാവിലെ തന്നെ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ എത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം കൃത്യം ഒമ്പതു മണിക്കു തന്നെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. എട്ടു സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ കഴിവ് തെളിയിക്കുന്ന ഈ ബൈബിള്‍ കലോത്സവം അഭിവന്ദ്യ പിതാവിന്റെ മേല്‍നോട്ടത്തിലും സംഘാടകരുടെ കര്‍മ്മോത്മുഖമായ പ്രവര്‍ത്തന ശൈലികൊണ്ടും കൃത്യമായ സമയനിഷ്ട പാലിക്കുന്നു എന്നത് ശ്രദ്ധേയമാവുകയാണ്.
എട്ട് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. മത്സരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മലയാളം യുകെ അപ്‌ഡേറ്റു ചെയ്യുന്നതായിരിക്കും.
Leave a Reply