യുകെ മലയാളികളുടെ അഭിമാനം വാനോളമുയർത്തിയ ജിയോമോൻ ജോസഫിന് നാട്ടിൽ അന്ത്യവിശ്രമം. അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ

യുകെ മലയാളികളുടെ അഭിമാനം വാനോളമുയർത്തിയ ജിയോമോൻ ജോസഫിന് നാട്ടിൽ അന്ത്യവിശ്രമം. അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ
September 21 07:20 2020 Print This Article

വിദ്യാർത്ഥിയായി യുകെയിലെത്തി സ്വപരിശ്രമം കൊണ്ട് യുകെയിൽ സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ജിയോമോൻ ജോസഫിന് കണ്ണീരോടെ പിറന്ന നാട് വിടചൊല്ലി. സംസ്കാരം ഇന്നലെ ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകി . നേതൃത്വപാടവം കൊണ്ട് ദൈവത്താൽ അനുഗ്രഹീകരിക്കപ്പെട്ടവനായിരുന്നു ജിയോമോൻ ജോസഫെന്ന് മാർ മാത്യു അറയ്ക്കൽ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.

കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ് മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ശുശ്രൂഷകൾ.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.

വിദ്യാർഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.

യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസായത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles