ജെഗി ജോസഫ്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയുവാന്‍ ഇനി അഞ്ച് നാളുകള്‍ മാത്രം ബാക്കി നില്‍ക്കവേ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. മത്സരത്തിന്റെ ആവേശവും മുന്നൊരുക്കവുമാണ് എല്ലായിടത്തും. റീജിയണല്‍ മത്സരങ്ങളില്‍ വിജയിച്ച് കഴിവു തെളിയിച്ച കുട്ടികള്‍ കലോത്സവ വേദികളില്‍ മാറ്റുരയ്ക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക. മത്സരത്തേക്കാളുപരി ദൈവവചനങ്ങള്‍ കലാരൂപങ്ങളിലൂടെ വേദിയിലെത്തുമ്പോള്‍ അത് കുരുന്നുകള്‍ക്ക് ദൈവത്തിലേക്കുള്ള വഴിയായി മാറും. കുഞ്ഞുമനസുകളില്‍ വിശ്വാസം ഉറപ്പിക്കാന്‍ ഈ മത്സരത്തിനാകുമെന്നത് മുന്‍ വര്‍ഷത്തെ സ്വീകാര്യതയില്‍ നിന്ന് തന്നെ വ്യക്തമാണ്.
എട്ട് റീജിയണുകളിലായി നടന്ന റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികളാണ് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ 4ന് നടക്കുന്ന മത്സരത്തില്‍ മാറ്റുരക്കാന്‍ എത്തുന്നത്. 550 ഓളം വ്യക്തിഗത ഇനങ്ങളിലും 65 ഓളം ഗ്രൂപ്പിനങ്ങളിലുമായി ഏകദേശം 850 ലധികം കുട്ടികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബ്രിസ്റ്റോളിലെ സൗത്തമീഡ് ഗ്രീന്‍വേ സെന്ററിലും ബ്രിസ്റ്റോള്‍ കമ്മ്യൂണിറ്റി സെന്ററിലുമായി ഒരുക്കുന്ന 9 സ്റ്റേജുകളുടെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. വോളന്റിയേഴ്സിന്റെയും മറ്റും ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. 9 സ്റ്റേജുകളില്‍ എവിടെയെങ്കിലും താമസം നേരിട്ടാല്‍ ഉടന്‍ തന്നെ അതിനുള്ള പകരം സംവിധാനം ഒരുക്കുന്നതിനായി രണ്ടു സ്ഥലങ്ങളിലും ഓരോ എക്സ്ട്രാ സ്റ്റേജുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
നവംബര്‍ 3 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന യാമപ്രാര്‍ത്ഥനയോട് കൂടി ബൈബിള്‍ കലോത്സവത്തിന്റെ ആധ്യാത്മിക തലത്തിലുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമാകും. എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും ബ്രിസ്റ്റോളില്‍ നടക്കുന്ന നൈറ്റ് വിജില്‍ ഇത്തവണ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള നൈറ്റ് വിജിലാവും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ വചന സന്ദേശം നല്‍കും. 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 8.45ന് തന്നെ ഗ്രീന്‍വേ സെന്ററില്‍ രജിസ്ട്രേഷന്‍ ഡോക്യുമെന്റസ് എല്ലാവര്‍ക്കും വിതരണം ചെയ്യും. തുടര്‍ന്ന് ഒന്‍പതേകാലിന് ബൈബിള്‍ പ്രതിഷ്ഠയോട് കൂടി ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം ആറര വരെ നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം പൊതുസമ്മേളനത്തിന് തുടക്കമാവുവുകയും സമ്മളന വേദിയില്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടക്കും.
എല്ലാ മാസ് സെന്ററുകളിലെയും വൈദികര്‍ക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കുമായി കലോത്സവ ഡയറക്ടറുടെയും ചീഫ് കോര്‍ഡിനേറ്ററുടെയും പേരുകളില്‍ ഇന്‍വിറ്റേഷന്‍ ലെറ്ററുകള്‍ അയച്ചു കഴിഞ്ഞു. 850 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു മത്സരമായത് കൊണ്ട് തന്നെ മുന്നൊരുക്കങ്ങള്‍ എല്ലാം വളരെ തകൃതിയായി നടക്കുന്നു.ആതിഥേയരായ STSMCC യുടെ ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാറ്റില്‍, ജോസ് മാത്യു, വിവിധ കമ്മിറ്റികളുടെ വോളന്റിയേഴ്സും മറ്റും മീറ്റിങ്ങുകള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്.
എട്ട് മണിക്കൂറിലധികം യാത്ര ചെയ്തു സ്‌കോട്ട്ലാന്‍ഡില്‍ നിന്നും ലിവര്‍പൂളില്‍ നിന്നും ലണ്ടന്‍, കേംബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വേണ്ടി ബ്രേക്ക്ഫാസ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ അതിനായി ചുമതലപ്പെട്ടവരെ ബന്ധപ്പെടേണ്ടതാണ്. ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ കലോത്സവം ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് ആണ്.-07450243223. കലോത്സവം ചീഫ് കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത്- 07734 303945
നടപടികള്‍ പൂര്‍ത്തിയായെങ്കിലും രജിസ്ട്രേഷന്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് രജിസ്ട്രേഷന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവിനെ ബന്ധപ്പെടുക-07737 506147 ദൂരസ്ഥലത്ത് നിന്ന് വരുന്നവര്‍ക്ക് അക്കോമഡേഷനെ കുറിച്ച് അറിയാന്‍ ജോമോന്‍ മാമച്ചനെ വിളിക്കുക (07886208051) നേരത്തെ റെയില്‍വേ സ്റ്റേഷനിലും മറ്റുമെത്തുന്നവര്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ക്ക് ജോസ് മാത്യുവിനെ ബന്ധപ്പെടുക-07837482597 ഭക്ഷണ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രസാദ് ജോണ്‍ -07525687588
മത്സരങ്ങളുടെ സമ്മാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ അനിതാ ഫിലിപ്പ്-07809714895 ഫൈനാന്‍സ് സംബന്ധിച്ച് അറിയാന്‍ എസ്ടിഎംസിസിയുടെ ട്രെഷറര്‍ ബിജു ജോസിനെ വിളിക്കുക -07956 120231,
ബ്രിസ്റ്റോളിലും യുകെയിലെമ്പാടുമുള്ള വിവിധ മാസ് സെന്ററുകളിലെ വിശ്വാസികളെല്ലാം നല്ലൊരു മത്സരം കാണുവാനുള്ള ഒരുക്കത്തിലാണ്. അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ കണ്‍വന്‍ഷനില്‍ നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ട് ദൈവവചനം കലാരൂപങ്ങളില്‍ കൂടി അവതരിപ്പിക്കാനും അത് കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കാനുമുള്ള ഒരുക്കത്തിലാണ്. ഇത്തവണത്തെ മത്സരങ്ങള്‍ വളരെ കടുത്തതായിരിക്കുമെന്നതില്‍ സംശയമേതുമില്ല. യുകെയിലെ പ്രമുഖ മലയാളം ചാനലായ ഗര്‍ഷോം ടിവിയില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
Leave a Reply