ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
ബ്രിസ്റ്റോള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടന്ന പ്രാഥമികതല മത്സരങ്ങളിലെ വിജയികള്‍ നാളെ ബ്രിസ്റ്റോളിലെത്തുന്നു, ദൈവം ദാനമായി നല്‍കിയ കലാസിദ്ധികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രിസ്റ്റോള്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ‘ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം’ ഈ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പങ്കാളിത്തം കൊണ്ടും കൂടുതല്‍ മികച്ച കലാപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് പറഞ്ഞു.
യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതി നേടിയിരിക്കുന്ന ഈ കലാമാമാങ്കത്തില്‍ അഞ്ഞൂറിലധികം വ്യക്തിഗത ഇനങ്ങളിലും അറുപത്തഞ്ചോളം ഗ്രൂപ്പ് ഇനങ്ങളിലുമായി 850ല്‍ അധികം കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. 11 സ്റ്റേജുകളിലായി 21 ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ഓരോ സ്റ്റേജിനും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാനുള്ളവരുടെയും മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളാകാനുള്ളവരുടെയും നിയമനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ റീജിയണില്‍ നിന്നും മത്സരിക്കാനെത്തുന്നവര്‍ക്ക് നേതൃത്വം നല്‍കാന്‍ അതാതു റീജിയണില്‍ നിന്നും ബഹു വൈദികരുടെയും അല്‍മായ ലീഡേഴ്സിന്റെയും സേവനം ലഭ്യമായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ബൈബിള്‍ കലോത്സവമെന്ന പ്രത്യേകത പരിഗണിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ മുഴുവന്‍ സമയവും ബ്രിസ്റ്റോളില്‍ ചിലവഴിക്കും.
കലോത്സവ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ജോ. ഡയറക്ടര്‍ റവ. ഫാ. ജോയി വയലിലിന്റെയും വിവിധ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ അതിവിപുലമായ സൗകര്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജിയണിന്റെയും ചുമതല വഹിക്കുന്നവര്‍ക്ക് ഇതിനോടകം പ്രത്യേക ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞു. ദൂരെ നിന്നും എത്തുന്നവര്‍ക്ക് പ്രഭാത ഭക്ഷണം ലഭിക്കാനുള്ള സൗകര്യങ്ങള്‍, ട്രെയിന്‍, ബസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍, മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ കലോത്സവ ദിനത്തിനായി രൂപതാകുടുംബം ഒന്നാകെ പ്രാര്‍ത്ഥിച്ച് ഒരുങ്ങും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കലാവാസനകളിലൂടെ കുട്ടികള്‍ തന്നെ വചനപ്രഘോഷകരാകുന്ന ഈ ബൈബിള്‍ കലോത്സവത്തെ രൂപത ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദൈവാനുഗ്രഹങ്ങളും വിജയാശംസകളും നേരുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
Leave a Reply