ലണ്ടൻ : സംഗീതസാമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു സാക്ഷിയാകുവാൻ ലണ്ടൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നിരവധി സംഗീതോപാസകർ നവംബർ 30 ന് ക്രോയ്ടോൻ ലാങ്‌ഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. കർണാടിക്, സെമിക്ലാസ്സിക്കൽ, ഡിവോഷണൽ, ഹിന്ദുസ്ഥാനി തുടങ്ങിയ തനതു ഭാരതീയ സംഗീത ശാഖകളിൽ, വായ്പ്പാട്ട് -ഉപകരണസംഗീത വിഭാഗങ്ങളിലായി നൂറ്റി എഴുപതോളം അനുഗ്രഹീത കലാകാരന്മാരും കലാകാരികളും ജാതി-മത-ലിംഗ വ്യത്യാസാതീതമായി പങ്കെടുക്കും.

നവംബർ 30 ന് ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് ആരംഭം കുറിക്കും. സമ്പത് കുമാർ ആചാര്യ, ഡോ. സേതു വാരിയർ, രാജേഷ് രാമൻ, ബാംഗ്ലൂർ പ്രതാപ്, രതീഷ് കുമാർ മനോഹരൻ, പ്രാച്ചി റാനഡെ, മിഥുൻ മോഹൻ, ലക്ഷ്മി ശുഭരാമൻ തുടങ്ങിയ പ്രഗല്ഭരായ സംഗീതജ്ഞരുടെയും ജിയാ ഹരി, ടെസ്സ ജോൺ, നിവേദ്യ സുനിൽ, ലക്ഷ്മി രാജേഷ്, ആനി അലോഷ്യസ്, ദൃഷ്ടി പ്രവീൺ, പാർവതി മധു, മൈഥിലി കൃഷ്ണകുമാർ തുടങ്ങി വളർന്നു വരുന്ന അനവധി കലാ പ്രതിഭകളുടെയും സാന്നിധ്യം കൊണ്ട് ഇക്കൊല്ലത്തെ സംഗീതോത്സവ വേദി അനുഗ്രഹീതമാകും. ഉപഹാർ, സപ്തസ്വര, ശ്രുതിമനോലയ മുതലായ യുകെയിലെ പ്രശസ്ത സംഗീത സ്‌കൂളുകളുടെ സാന്നിധ്യവും ഇക്കൊല്ലത്തെ സംഗീതോത്സവത്തിന്റെ പ്രത്യേകതയാണ്. ഗായിക കൂടിയായ സുപ്രഭ നായരാണ് ഈ വർഷത്തെ അവതാരിക.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് നവംബർ 30 നു  ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്‌ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം സംഗീതോത്സവം അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. പദ്മശ്രീ സുരേഷ് ഗോപി എംപി, പദ്മശ്രീ ജയറാം, സംഗീതജ്ഞൻ പദ്മശ്രീ കെ ജി ജയൻ (ജയവിജയ), സിനിമാതാരം ശങ്കർ, പിന്നണി ഗായകൻ വേണുഗോപാൽ, സംഗീത സംവിധായകനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നടിയും നർത്തകിയുമായ അനുമോൾ, സിനിമാ സീരിയൽ താരം ഉണ്ണി ശിവപാൽ തുടങ്ങി കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ഇതിനോടകം സംഗീതോത്സവത്തിനു ആശംസകൾ അറിയിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ നവംബർ 17 ന് (വൃശ്ചികം ഒന്ന്) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു പൂജിച്ച ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം സോവനീർ, ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ പ്രകാശനം ചെയ്തിരുന്നു. സംഗീതോത്സവത്തെ വിജയകാരമി ആറാം വർഷവും അതി വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകർ. സമയ പരിമിതി മൂലം ഈ വർഷത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഗായകരുടെ രെജിസ്ട്രേഷൻ 170ൽ നിർത്തേണ്ടി വന്നു എന്നും 2020 നവംബറിൽ നടത്താനിരിക്കുന്ന സംഗീതോത്സവം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന തരത്തിൽ വിപുലമായി സഘടിപ്പിക്കുവാൻ ആണ് തയ്യാറെടുക്കുന്നതെന്നും സംഘാടകർ അറിയിച്ചു. അടുത്തവർഷത്തെ സംഗീതോത്സവത്തിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Rajesh Raman: 07874002934, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS
Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org