ഷിബു മാത്യൂ
ബ്രിസ്റ്റോള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ബ്രിസ്‌റ്റോളില്‍ പുരോഗമിക്കുകയാണ്. ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികളും, മല്‍സരം വീക്ഷിക്കാനെത്തിയവരുമുള്‍പ്പെടെ മൂവായിരത്തില്‍പ്പരം വിശ്വാസികള്‍ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ എത്തിയതോടെ മത്സര വേദികള്‍ കേരളത്തിന്റെ തനി പകര്‍പ്പായിരിക്കുകയാണ്. ജനങ്ങളുടെ സഹകരണവും സമര്‍പ്പണവും വളരെയധികം പ്രതീക്ഷ നല്കുന്നതാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ദിച്ച പ്രതികരണം ലഭിച്ചത് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സായത്തമാക്കുന്നതില്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്ന തിന്റെ വ്യക്തമായ തെളിവാണ്. ബൈബിള്‍ കലോത്സവുമായി ബന്ധപ്പെട്ടിട്ടുള്ള മലയാളം യുകെ സീനിയര്‍ എഡിറ്റര്‍ ജോജി തോമസ്സിന്റെ ചോദ്യങ്ങള്‍ക്ക് കലോത്സവ നഗരിയില്‍ വെച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മറുപടി നല്‍കി.
ചോ. വളരെ വലിയ പ്രതികരണമാണ് ബൈബിള്‍ കലോത്സവത്തിന് ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയ പരിപാടി നടത്താനുള്ള സംഘാടകശക്തിയും ശേഷിയും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് മാത്രമാണുള്ളത്. ഈ സംഘടനാ ശക്തി മറ്റേതെങ്കിലും മേഘലകളില്‍ ഉപയോഗിക്കാന്‍ രൂപത താല്പര്യപ്പെടുന്നുണ്ടോ?
ഉ. രൂപതയുടെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും അതിന്റെ ആരംഭ സ്റ്റേജിലാണ്. ദൈവഹിതം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് രൂപതയുടെ ലക്ഷ്യം. ആദ്യം വചനം പ്രഘോഷിക്കപ്പെടട്ടെ! അതു കഴിയുമ്പോള്‍ ബാക്കിയുള്ളവ കൂട്ടിച്ചേര്‍ക്കപ്പെടും.
ചോ. വര്‍ദ്ധിച്ചു വരുന്ന പങ്കാളിത്തം മുന്‍നിര്‍ത്തി വരും വര്‍ഷങ്ങളില്‍ ബൈബിള്‍ കലോത്സവത്തിന് എന്തെങ്കിലും പരിഷ്‌കാരങ്ങള്‍ ലക്ഷ്യമുണ്ടോ?
ഉ. കാലാകാലങ്ങളില്‍ മാറി വരുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വേണ്ട മാറ്റങ്ങള്‍ കലോത്സവത്തിന്റെ സംഘാടനത്തിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ചോ. ബൈബിള്‍ കലോത്സവത്തിലൂടെ പിതാവും രൂപതയും ലക്ഷ്യമിടുന്ന പ്രധാന നേട്ടങ്ങള്‍ എന്താണ്?
ഉ. വിശുദ്ധ ഗ്രന്ഥത്തേക്കുറിച്ചുള്ള അജ്ഞത ഈശോയേക്കുറിച്ചുള്ള അജ്ഞതയാണ്. ഈശോയെ പ്രഘോഷിക്കുക എന്ന ദൗത്യമാണ് സഭയ്ക്കുള്ളത്. വചനം പ്രഘോഷിക്കുകയാണ് ബൈബിള്‍ കലോത്സവത്തിന്റെ അടിസ്ഥാന ലക്ഷ്യം.
രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്നായി ബഹു. വൈദീകരും സന്യസ്തരുമടക്കം ആയിരക്കണക്കിനാളുകള്‍ രാവിലെ തന്നെ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ എത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം കൃത്യം ഒമ്പതു മണിക്കു തന്നെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. എട്ടു സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ കഴിവ് തെളിയിക്കുന്ന ഈ ബൈബിള്‍ കലോത്സവം അഭിവന്ദ്യ പിതാവിന്റെ മേല്‍നോട്ടത്തിലും സംഘാടകരുടെ കര്‍മ്മോത്മുഖമായ പ്രവര്‍ത്തന ശൈലികൊണ്ടും കൃത്യമായ സമയനിഷ്ട പാലിക്കുന്നു എന്നത് ശ്രദ്ധേയമാവുകയാണ്.
എട്ട് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. മത്സരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മലയാളം യുകെ അപ്‌ഡേറ്റു ചെയ്യുന്നതായിരിക്കും.
Leave a Reply