ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിൽ ഹൗസിങ് മാർക്കറ്റ് വൻ പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. വസ്തു വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള വസ്തുവിൽപ്പനകളിൽ ഒക്ടോബർ മാസത്തിൽ 23 ശതമാനത്തോളം കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ വസ്തു വാങ്ങുന്നവരുടെ എണ്ണത്തിൽ ചെറിയതോതിൽ വർധനയുണ്ടാരുന്നു. സാമൂഹിക അകലം പാലിക്കപ്പെടേണ്ട ആവശ്യമാണ് ഇത്തരത്തിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുവാൻ കാരണമായത്. അതോടൊപ്പം തന്നെ അഞ്ച് ലക്ഷം പൗണ്ട് വരെയുള്ള വീടുകൾ വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയ ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഇപ്പോൾ ലോണുകളുടെ തുക ലെൻഡർമാർ കുറച്ചതോടെ വസ്തുവിൽപ്പന വീണ്ടും തകർച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ഇത്തരത്തിലുള്ള തങ്ങളുടെ ദുരനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു. മുപ്പതു വയസുകാരനായ സാം എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ എസ്സെക്സിൽ ഓഗസ്റ്റ് മാസത്തിൽ 450,000 പൗണ്ട് തുകയ്ക്ക് വീട് വാങ്ങുവാനായി തീരുമാനിച്ചിരുന്നു. എന്നാൽ ഈ വസ്തുവിനും വീടിനുമായി 400000 പൗണ്ട് തുക മാത്രമാണ് ലെൻഡർ നൽകുവാൻ തയ്യാറായത്. അതിനാൽ തന്നെ സാമിന് വസ്തു വാങ്ങാൻ ഉള്ള അവസരം നഷ്ടമായി. ഇത്തരത്തിൽ നിരവധി ആളുകളാണ് വീടുകൾ വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നത്.

മാർച്ച്‌ 31 വരെയാണ് സ്റ്റാമ്പ്‌ ഡ്യൂട്ടിയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടയിൽ സാഹചര്യങ്ങൾ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ആണ് വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ.