ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസുകളിൽ മാറ്റമുണ്ടാകുമെന്നും ലൈസൻസുകൾ ഡിജിറ്റലായി മാറുമെന്നും ഡിവിഎൽഎ വ്യക്തമാക്കി. ഇപ്പോഴുള്ള ഡ്രൈവിംഗ് ലൈസൻസിന് പകരമായി ഡിജിറ്റൽ ലൈസൻസ്‌ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. 2024ഓടെ ലൈസൻസുകൾക്കായി ഒരു ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഡിവിഎൽഎ വ്യക്തമാക്കിക്കഴിഞ്ഞു. താൽക്കാലിക ലൈസൻസ് വിജയകരമാണെങ്കിൽ, പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കാരണമാണ് ഡിജിറ്റൽ ലൈസൻസുകൾ അവതരിപ്പിക്കുന്നതിന് കാലതാമസം വന്നത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഗതാഗത സെക്രട്ടറി വ്യക്തമാക്കി.

2021 മുതൽ 2024 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലെ ആദ്യ ഘട്ടമായി പ്രൊവിഷണൽ ഡ്രൈവർമാർക്ക് ഡിജിറ്റൽ ലൈസൻസ് നൽകും. പേപ്പർ സർട്ടിഫിക്കറ്റുകൾ ഒഴിവാക്കി ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ നിരവധി സേവനങ്ങളിലേയ്ക്ക് വളരെ വേഗം എത്താൻ കഴിയുമെന്നതോടൊപ്പം വർദ്ധിച്ചുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കുകയെന്ന ലക്ഷ്യവും സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ ആവുന്നതോടെ ഉപയോഗം എളുപ്പമാകുമെന്ന് മോട്ടോർ റിസർച്ച് ചാരിറ്റി ആർഎസി ഫൗണ്ടേഷന്റെ ഡയറക്ടർ സ്റ്റീവ് ഗുഡിംഗ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഡ്രൈവിംഗ് ചാരിറ്റികളും സ്ഥാപനങ്ങളും പുതിയ പദ്ധതികളെക്കുറിച്ച് ആശങ്കാകുലരാണ്. വ്യക്തിഗത വിവരങ്ങൾ ഫോണുകളിൽ സൂക്ഷിക്കുന്നത് ഹാക്കർമാരെ കൂടുതൽ ആകർഷിക്കുമെന്ന് അവർ ഭയപ്പെടുന്നു.