വീടിന്റെ കാര്യത്തിൽ ആകപ്പാടെ ആശയക്കുഴപ്പത്തിലാണ് മലയാളി. പുതിയൊരു വീടുപണിയുമ്പോൾ അതിന്റെ രൂപമെന്തായിരിക്കണം, എന്തെല്ലാം സൗകര്യങ്ങൾ വേണം, ഏതു നിർമാണ സാമഗ്രി ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംശയത്തോടു സംശയം. ഒടുവിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന രീതിയാണ് ഏറ്റവും രസകരം. സ്കോട്ടിഷ് മേൽക്കൂര, ഇറ്റാലിയൻ അടുക്കള, ദുബായ് കുളിമുറി…. എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച ആശയങ്ങളുമായി മലയാളി വീടുകെട്ടും. ഇതാണ് ‘ഫാഷൻ എന്ന രീതിയിൽ ഇവയ്ക്ക് അനുകരണങ്ങളുമുണ്ടാകും. നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും ഇണങ്ങുന്നതാണോ ഈ വീടുകൾ…? കാണാൻ ഭംഗിയുണ്ടെന്ന് പറയുന്ന ഈ വീടുകളിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുമോ…? സ്വന്തമായൊരു പാർപ്പിട സംസ്കാരമില്ലാതെ അപരിഷ്കൃതനായി മാറുന്ന മലയാളി അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ.

1. കേരളത്തിലാണ് വീട് വയ്ക്കുന്നത് എന്ന ബോധം വേണം

ബാക്ഗ്രൗണ്ട് മാറ്റിയാൽ ഇത് ഏതു രാജ്യത്തെ വീടാണെന്ന് ഒരാൾക്കും പറയാനാകാത്ത തരം നിർമിതികളാണ് ഇപ്പോഴുണ്ടാകുന്നതിൽ കൂടുതലും. ഓർക്കുക ; കാലാവസ്ഥ, പ്ലോട്ട് (വീടിരിക്കുന്ന സ്ഥലം) എന്നിവയെ അറിഞ്ഞും ആവാഹിച്ചും ആയിരിക്കണം വീടിന്റെ ഡിസൈൻ. വർഷത്തിൽ ആറു മാസത്തോളം മഴ ലഭിക്കുന്ന അത്യാവശ്യം ചൂടും ഈർപ്പവുമുളള ‘ട്രോപ്പിക്കൽ ക്ലൈമറ്റ് ആണ് കേരളത്തിലേത്. തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നു തരം ഭൂപ്രകൃതിയാണിവിടുളളത്. ഇതു രണ്ടും പരിഗണിച്ചായിരിക്കണം വീടിന്റെ ഡിസൈൻ. അതല്ലാതെ സ്വിറ്റ്സർലൻഡിലെയോ ജപ്പാനിലെയോ വീട് അതുപോലെ പകർത്തുകയല്ല ചെയ്യേണ്ടത്.

2. പുറമേ നിന്ന് കാണാൻ ഭംഗിയുളള വീട് മതി എന്നതു മണ്ടത്തരമാണ്

വഴിയേ പോകുന്നവരെ കാണിച്ച് അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാവരുത് വീടു പണിയുന്നത്. വീടിന് മുന്നിൽ നിന്ന് നോക്കിയാൽ നല്ല ഭംഗി തോന്നണം എന്ന് ആർക്കിടെക്ടിനോട് പറയുമ്പോൾ ഇതോർക്കണം. വീടിന് കാണാൻ ഭംഗിയുളള രൂപം വേണം എന്നതിൽ സംശയമില്ല. എന്നാൽ ആ രൂപത്തിന് ഒരു ന്യായീകരണം വേണം. മുമ്പ് പറഞ്ഞതുപോലെ കാലാവസ്ഥ, പ്ലോട്ട് എന്നിവയും ഒപ്പം വീട്ടുകാരുടെ ആവശ്യങ്ങളും ചേർന്നാണ് വീടിന്റെ രൂപം നിശ്ചയിക്കേണ്ടത്. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. അങ്ങനെയാകുമ്പോൾ വീടിന്റെ മുന്നും പിന്നും വശങ്ങളും എല്ലാം സുന്ദരമായിരിക്കും. കാട്ടിക്കൂട്ടലുകളിലൂടെ നേടുന്ന സൗന്ദര്യത്തിന് ആയുസില്ല എന്നോർക്കണം.

3. വീട് ഒരു മത്സര ഇനമായി എവിടെയും പ്രഖ്യാപിച്ചിട്ടില്ല

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

p>വീട് ഒരു മത്സര ഇനമല്ല. അയൽക്കാരന്റെ അല്ലെങ്കിൽ ബന്ധുവിന്റെ അത്രയും വലുപ്പമുളള, അല്ലെങ്കിൽ അതിനേക്കാൾ അൽപം കൂടി വലുപ്പമുളള വീട് വേണം എന്ന ചിന്ത മാറ്റണം. ന്യായമായ ആവശ്യമാണ് വീടിന്റെ വലുപ്പം നിശ്ചയിക്കേണ്ടത്. മുമ്പ് എട്ടും പത്തും ആളുകൾ സന്തോഷത്തോടെ ജീവിച്ച വീടുകൾക്ക് ഇപ്പോൾ രണ്ടും മൂന്നും പേർ മാത്രം താമസിക്കുന്ന വീടുകളുടെ നാലിലൊന്നു വലുപ്പമേ ഉണ്ടായിരുന്നുളളു എന്ന സത്യം മറക്കരുത്. പ്രാർഥനയ്ക്കു മാത്രമായി ഒരു മുറി വേണം, പ്രത്യേകമായി തയാറാക്കിയ സ്ഥലത്തിരുന്നാലേ പുസ്തകം വായിക്കാൻ കഴിയൂ തുടങ്ങിയ പിടിവാശികളാണ് മാറ്റേണ്ടത്.

4. നിർമാണസാമഗ്രികൾ വാരിവലിച്ച് ഉപയോഗിക്കരുത്

ഇന്ന് നിർമാണസാമഗ്രികൾക്ക് യാതൊരു പഞ്ഞവുമില്ല. എല്ലാ നിർമാണ സാമഗ്രികളും അൽപാൽപ്പമെങ്കിലും ഉപയോഗിച്ചിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. ‘കണ്ടംപററി സ്റ്റൈൽ വീടല്ലേ പണിയുന്നത് അപ്പോൾ പിന്നെ സ്റ്റീലും ഗ്ലാസും ജിപ്സവും ഉപയോഗിക്കാതെ പറ്റുമോ എന്നാണ് ചിലരുടെ ധാരണ. ആവശ്യത്തിനു മാത്രമായി ഉപയോഗം പരിമിതപ്പെടുത്തണം. ധാരണകളല്ല മറിച്ച് നിർമാണസാമഗ്രികളുടെ ഗുണവിശേഷങ്ങളാണ് തിരഞ്ഞെടുപ്പിന് മാനദണ്ഠമാകേണ്ടത്. റെഡ്യൂസ്, റിസ്യു, റീസൈക്കിൾ എന്നീ ആശയങ്ങൾ പിന്തുടർന്നാൽ ചെലവു കുറയും എന്നുമാത്രമല്ല സാമൂഹിക പ്രതിബദ്ധതയുടെ തെളിവു കൂടിയാകും.

5. വാസ്തുവിനു വേണ്ടിയാകരുത് വീട് വയ്ക്കുന്നത്

മനുഷ്യനും ഒപ്പം മറ്റു ജീവജാലങ്ങൾക്കും നന്മ വിഭാവനം ചെയ്യുന്ന ശാസ്ത്രശാഖയാണ് വാസ്തു. വീടുവയ്ക്കുന്നതിനൊപ്പം സൗജന്യമായി കുറച്ചു ധനവും ഐശ്വര്യവും കിട്ടാനുളള ഉപാധിയായി വാസ്തുവിനെ കാണരുത്. വിശ്വാസങ്ങളിലെ ശാസ്ത്രസത്യങ്ങൾ മുൻ നിർത്തിയാകണം വാസ്തു നിയമങ്ങൾ പിന്തുടരേണ്ടത്. വീടിന്റെ പ്ലാൻ തീരുമാനിക്കും മുമ്പു തന്നെ ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കണം. പേടിയുടെ പേരിൽ പ്ലാനിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്നത് സമയവും ധനവും നഷ്ടപ്പെടുത്തും.