ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജൂൺ മാസത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവിനെ തുടർന്ന് പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധന ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്. കുതിച്ചുയർന്ന വിലക്കയറ്റം തടയിടുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2021 ഡിസംബർ മുതൽ 13 തവണയാണ് പലിശ നിരക്കുകൾ ഉയർത്തിയത്. എന്നാൽ ജൂൺ മാസത്തിൽ 8.7 ശതമാനത്തിൽ നിന്നും 7.9 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസകരമായ വാർത്തയാണ്. ഇതുമൂലം പലിശ നിരക്കുകൾ വർദ്ധിപ്പിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മേലുള്ള സമ്മർദ്ദത്തിൽ കുറവ് വന്നിരിക്കുകയാണ്. ഒരു വർഷത്തിനിടയിൽ പണപ്പെരുപ്പത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം ഇന്ധന വിലയിൽ രേഖപ്പെടുത്തിയ കുറവും, അതോടൊപ്പം തന്നെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായിരിക്കുന്ന ചെറിയ തോതിലുള്ള കുറവുമാണ് പണപ്പെരുപ്പം ഇത്തരത്തിൽ കുറയാൻ കാരണമായതെന്ന് വ്യക്തമാക്കുന്നു. എന്നാൽ പണപ്പെരുപ്പം ഇപ്പോഴും ബാങ്കിന്റെ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിന്റെ നാലിരട്ടിയായി തന്നെയാണ് തുടരുന്നത്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. യു എസിൽ പണപ്പെരുപ്പ നിരക്ക് 3 ശതമാനവും, യൂറോസോണിൽ 5.5 ശതമാനവും മാത്രമാണ്.

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 സംഘടനയിൽ ഏറ്റവും കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തുന്ന രാജ്യം ബ്രിട്ടനാണ് എന്നത് ഇപ്പോഴും ആശങ്കയുളവാക്കുന്നുണ്ട്. അവശ്യ ഭക്ഷണസാധനങ്ങൾ, ഇന്ധനം, മറ്റു സേവനങ്ങൾ എന്നിവയിൽ കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയ ക്രമാതീതമായ വില വർദ്ധനവാണ് ഇത്രയും ഉയർന്ന തോതിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള കാരണം. ഇത് തടയിടുവാനായാണ് നിരവധി തവണ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയത്. ഇത് മൂലം ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാവുകയും, ജനങ്ങൾ പണം ചെലവാക്കുന്നത് കുറയുകയും ചെയ്യും. ഇത്തരത്തിൽ പണപ്പെരുപ്പം വർദ്ധിക്കുന്നത് എങ്ങനെയും തടയിടുവാനുള്ള നീക്കമാണ് ഇത്രയും കാലം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരുന്നത്.എന്നാൽ ഇത്തരത്തിലുള്ള ഉയർന്ന പലിശ നിരക്ക് മോർട്ട്ഗേജ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏറ്റവും ഒടുവിൽ പ്രതീക്ഷിച്ചതിലുമധികം പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ നിരക്കുകളിൽ ഉടനെ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധർ.