ബിഗ്ബോസ് ഹൗസിലെ മത്സരങ്ങൾ മുറുകുകയാണ്. ഹൗസിലെ ഓരോ ദിനങ്ങൾ കടന്നു പോകുന്തോറും മത്സരത്തിന്റെ ചൂടും വർധിക്കുന്നു. ഇതിനിടെ മത്സരാർത്ഥികൾ തങ്ങൾക്ക് മറക്കാനാകാത്തതും ഏറെ വേദനിപ്പിച്ചതുമായ അനുഭവം ‘എന്റെ കഥ’ എന്ന സെഗ്മെന്റിലൂടെ സഹമത്സരാർത്ഥികളുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നാദിറ തന്റെ ജീവിത കഥ തുറന്നു പറഞ്ഞിരിക്കുകയാണ്. നജീബിൽ നിന്നും നാദിറയിലേക്കുള്ള തന്റെ ദൂരം അത്ര ചെറുതല്ലായിരുന്നു എന്നാണ് നാദിറ പറയുന്നത്. താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സെക്ഷ്വൽ അറ്റാക്ക് നേരിട്ടതെന്നും പതിനേഴാം വയസിൽ വീട് വിട്ടിറങ്ങിയെന്നും നാദിറ പറയുന്നു. മഴയെയും മഴക്കാലത്തേയും ഏറ്റവും ഭയത്തോടെ കാണുന്ന കുടുംബമാണ് തന്റേത് എന്ന് പറഞ്ഞ് തുടങ്ങിയാണ് നാദിറ തന്റെ കഥ ആരംഭിക്കുന്നത്.
നാദിറയുടെ വാക്കുകൾ ഇങ്ങനെ…
“എന്റെ സ്വദേശം തിരുവനന്തപുരം ആണ്. ഞാൻ ജനിച്ചത് കാസർക്കോടാണ്. മഴയെയും മഴക്കാലത്തേയും ഏറ്റവും ഭയത്തോടെ കാണുന്ന കുടുംബമാണ് ഞങ്ങളുടേത്. അതിന് കാരണം മഴ പെയ്താൽ ചോരുന്ന അവസ്ഥയിലുള്ള വീടായിരുന്നു ഞങ്ങളുടേത്. സാമ്പത്തിക പ്രശ്നങ്ങളുള്ള വീടായിരുന്നു എന്റേത്. ഞാൻ ചെറുതായിരിക്കുന്ന സമയത്ത് തന്നെ എന്റെ ഇഷ്ടങ്ങളോട് അടുത്ത് നിൽക്കാൻ വളരെ പ്രയാസമായിരുന്നു. ആ സമയത്തെല്ലാം കസിൻസായ പെൺകുട്ടികളോട് സംസാരിക്കാനായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. അപ്പോഴെല്ലാം ചെറിയ കുട്ടി എന്ന പരിഗണന എപ്പോഴും കിട്ടുമായിരുന്നു. ഞാൻ എന്റെ അനുജത്തിയുടെ സാധനങ്ങളൊക്കെ ഉപയോഗിക്കാൻ ശ്രമിക്കുമായിരുന്നു. അഞ്ചിൽ പഠിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യരുതെന്നൊക്കെ പറഞ്ഞ് മനസിലാക്കി തരുമായിരുന്നു.
എന്നാൽ അവരുടെ മുന്നിൽ അതൊന്നും കാണിച്ചില്ലെങ്കിലും പെൺകുട്ടികളോടുള്ള ഇഷ്ടം എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് എടുത്ത് പറയാൻ പറ്റിയ സുഹൃത്തുക്കളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. സ്കൂളിലോ ക്ലാസ്സിലോ എന്നോട് നന്നായി മിണ്ടുന്നൊരു സഹപാഠി പോലും എനിക്ക് ഉണ്ടായിരുന്നില്ല. അതോടെ സ്കൂളിൽ പോകുന്നത് ബുദ്ധിമുട്ടായി തുടങ്ങിയിരുന്നു എനിക്ക്. കാരണം എന്നെ ആരെങ്കിലുമൊക്കെ കളിയാക്കുകയും നടന്നു പോകുന്ന സമയത്ത് പലരും പല വാക്കുകളും ഉപയോഗിച്ച് എന്നോട് സംസാരിക്കുമായിരുന്നു. ഈ കാരണം കൊണ്ട് സ്കൂളിൽ പോകാതെ വീട്ടിനകത്തിരുന്നായിരുന്നു ഞാൻ പഠിക്കുന്നത്. എട്ടാം ക്ലാസ്സ് എത്തിയപ്പോൾ മുതൽ ഞാൻ വേറൊരു സ്കൂളിൽ ചേർന്നു.
ഏത് കുട്ടിയാണോ വീക്കായിരിക്കികുന്നത് ആ കുട്ടിയെ ആക്രമിച്ച് താൻ ഹീറോ എന്ന് കാണിക്കുന്ന ആൺകുട്ടികളുടെ ക്ലാസായിരുന്നു അത്. അന്നാണ് എനിക്ക് എട്ടോളം കുട്ടികളിൽ നിന്നും സെക്ഷ്വൽ അറ്റാക്ക് നേരിടേണ്ടി വന്നത്. അവർ എന്റെ വസ്ത്രങ്ങൾ വലിച്ചൂരിയും സെക്ഷ്വൽ പാർട്ട് എന്താണെന്ന് നോക്കാൻ ശ്രമിക്കുകയും ചെയ്തു. അതോടെ ഞാൻ നേരെ പോയത് സ്റ്റാഫ് റൂമിലേക്കാണ്. “നാളെ മുതൽ നീ വരുമ്പോൾ മുടിയൊക്കെ വെട്ടിയിട്ട് വരണമെന്നും, ഇനി മുതൽ ആണുങ്ങളെ പോലെ സംസാരിക്കണമെന്നും, ബോർഡിൽ ഞാൻ പെണ്ണിനെ പോലെ എഴുതരുതെന്നും, പൗരുഷത്തോടെ സംസാരിക്കണമെന്നും, അതോടൊപ്പം ഞാൻ ക്രിക്കറ്റ് കളിക്കണം”, എന്നൊക്കെ ആയിരുന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം.
എന്നെ ഒന്ന് സമാധാനിപ്പിൻ ആയിരുന്നില്ല ടീച്ചേഴ്സ് ശ്രമിച്ചത്. പത്താം ക്ലാസ്സിൽ എത്തുമ്പോൾ ജയിച്ചാൽ മതി എന്ന് മാത്രമായിരുന്നു ആഗ്രഹം. എന്നെ സംബന്ധിച്ചിടത്തോളം അത് തന്നെ വലിയൊരു കാര്യമാണ്. പക്ഷെ ക്ലാസിൽ പോകാത്ത കുട്ടി എങ്ങനെ ജയിക്കും. എന്തോ ഒരു ഭാഗ്യത്തിന് ഞാൻ ജയിച്ചു. പ്ലസ് വൺ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. അന്നാണ് ഒരു പെൺകുട്ടിയെ പ്രണയിക്കണമെന്ന് തോന്നുന്നത്. എന്നാൽ ഉള്ളിൽ പക്ഷേ അങ്ങനൊരു തോന്നൽ ഇല്ല. ഒരു പെൺകുട്ടിയെ പ്രണയിച്ചാൽ ഞാൻ മാറുമെന്ന എന്റെ വിശ്വാസവും മാറാൻ സാധിക്കുമെന്ന സമൂഹത്തിന്റെ ഉറപ്പുമായിരുന്നു അതിന്റെ പ്രധാന കാരണം. ഒരു പെൺകുട്ടിയോടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രണയവും തോന്നിയിരുന്നില്ല. സിഗരറ്റൊക്കെ വലിക്കാൻ പറയുമായിരുന്നു ആൾക്കാർ എന്നോട്. പക്ഷേ അതിന് പോലും പറ്റിയിരുന്നില്ല. ആ സമയത്താണ് ഞാൻ ഫോൺ ഉപയോഗിച്ച് തുടങ്ങുന്നത്.
അപ്പോഴാണ് എനിക്ക് അത്മാർത്ഥായൊരു പ്രണയം തോന്നുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു പുരുഷനുമായിട്ടായിരുന്നു പ്രണയം. ഞാൻ പുള്ളിയൊടൊപ്പം സിനിമയ്ക്ക് എല്ലാം പോകുമായിരുന്നു. കുറച്ച് ദിസങ്ങൾ മാത്രമെ ആ ബന്ധം ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്നെ സംബന്ധിച്ച് ആ ദിവസങ്ങൾ എല്ലാം എനിക്ക് ഇപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷെ അദ്ദേഹം എന്നെ അംഗീകരിക്കുന്ന ഒരാളായത് കൊണ്ടാകാം. ദിവസങ്ങൾ കഴിയുന്തോറും എന്റെ വ്യക്തിത്വം വെളിവാകാൻ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിലെ എന്റെ ഫോട്ടോകളെല്ലാം കണ്ട് വീട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞു തുടങ്ങിയിരുന്നു. അന്ന് വാപ്പ എന്റെ മുന്നിൽ നിന്നും കരഞ്ഞു. പക്ഷെ ഞാൻ ഒരിക്കലും എന്റെ വീട്ടുകാരെ കുറ്റം പറയില്ല. ജീവിതത്തിൽ എവിടെയൊക്കെയോ എന്നെ ഭയങ്കരമായി അവർ എല്ലാവരും ചേർത്ത് പിടിച്ചിട്ടുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാവില്ലായിരുന്നു.
പതിനേഴാമത്തെ വയസ്സിൽ ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങി. എഴുപത് രൂപയാണ് അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്നത്. അന്ന് എന്നെ സഹായിച്ചത് ഞാൻ അമ്മ എന്ന് വിളിക്കുന്ന ട്രാൻസ് കമ്യൂണിറ്റിയിലെ ശ്യാമ ആയിരുന്നു. അവിടം മുതൽ എന്റെ രണ്ടാം ജീവിതം തുടങ്ങി. നജീബിൽ നിന്നും നാദിറയിലേക്ക് എത്തിയത് വലിയ കാര്യമായിട്ട് ഞാൻ ഇന്നും വിശ്വസിക്കുന്നു. ഞാൻ സോഷ്യൽ കൺസെപ്റ്റ് ഉള്ള ഫോട്ടോ സ്റ്റോറികൾ ചെയ്യുമായിരുന്നു. അതിൽ എനിക്ക് മില്യൺസ് ഓഫ് വ്യൂവ്സ് ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലൊക്കെ വാർത്ത വന്ന സമയത്ത് ഞാൻ കൊച്ചിയിൽ കൂട്ടുകാരുമായി ചായ കുടിക്കുകയാണ്. ഒരു കാർ വന്ന് അടുത്ത് നിർത്തിയിട്ട് നാദിറ അല്ലേ എന്ന് ചോദിച്ചു. അദ്ദേഹം ഡയറക്ടറോ പ്രൊഡ്യൂസറോ ആയിരുന്നു. സംസാരിക്കാം എന്ന് കരുതി ഞാൻ കാറിൽ കയറി. സംസാരിച്ച് തുടങ്ങിയപ്പോൾ എത്രയാ എന്റെ റേറ്റ് എന്ന് അയാൾ ചോദിച്ചു. അപ്പോൾ ഞാൻ ഭയങ്കരമായിട്ട് അയാളോട് റിയാക്ട് ചെയ്തു.
അയാൾ വണ്ടിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. പോലീസുകാരോട് ഞാൻ എനിക്കാണ് പരാതിയെന്നു പറഞ്ഞപ്പോൾ മാറിനിക്കെടി എന്നായിരുന്നു അവർ പറഞ്ഞത്. ഞാൻ അയാളുടെ കാറിൽ അതിക്രമിച്ച് കയറി എന്ന നിലയിൽ ആയിരുന്നു അയാളുടെ പരാതി. അവർ എന്നെ ലാത്തി കൊണ്ട് അടിച്ചു. സെല്ലിലേക്ക് ഇട്ടു പൂട്ടി. ഞാൻ ഇവിടുത്തെ ഒരു മാധ്യമങ്ങളെയും വിശ്വസിക്കില്ല. ഞങ്ങളെ സഹായിക്കാമെന്ന് പറയുന്നവരെ പോലും എനിക്ക് വിശ്വാസം ഇല്ല. കാരണം അവരെല്ലാം ഞങ്ങളെ പലപ്പോഴും മിസ് യൂസ് ചെയ്യാറുണ്ട്. ഞങ്ങളെ അംഗീകരിക്കുന്നു എന്ന് എല്ലാവരും പറയുമായിരിക്കും. പക്ഷേ അംഗീകരിക്കുന്നില്ല.
സർജറി കഴിയുമ്പോൾ നമ്മൾ ഫിസിക്കലി ഡൗൺ ആകും എന്നൊരു ചിന്തയാണ് സമൂഹത്തിനുള്ളത്. എന്നാൽ അത് ചെയ്ത് സന്തോഷത്തോടെ ഇരിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്.. ഒരു ട്രാന്സും സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരല്ല. അങ്ങനെ ഒരു ധാരണ പലർക്കിടയിലുമുണ്ട്. ഇന്ന് പതിനെട്ടു പേരെന്റെ കുടുംബമായി ഉണ്ട്. ഞാൻ എന്തെങ്കിലും ആയെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല.അതുകൊണ്ട് ഞാൻ എന്തെങ്കിലും ആകാൻ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്ന കുറിച്ച് മനുഷ്യരെങ്കിലും ഇപ്പോഴും ചില വീടുകളിൽ തളക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കൊരു ആവേശമായി ഞാൻ മരണം’- നാദിറ പറഞ്ഞു.
Leave a Reply