ചരിത്രപ്രസിദ്ധമായ പുളിങ്കുന്ന് വലിയ പള്ളി. മാതാവിന്റെ 8 നോമ്പു പെരുനാൾ ആഘോഷിക്കുന്ന പുളിങ്കുന്ന് സെന്റ് മേരി ഫൊറോനാ പള്ളിയുടെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം . 2006 ൽ കുട്ടനാടിന്റെ ആദ്യത്തെ എം.എൽ.എ ശ്രീ തോമസ് ജോണിന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ ശ്രീ. ജോൺ.സി.ടിറ്റോ എഴുതിയ പുളിങ്കുന്ന് വലിയ പള്ളിയുടെ ചരിത്രം….
*************************************************
കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ക്രൈസ്തവർ താമസം തുടങ്ങിയിരുന്നു. ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ ആയിരുന്നു കുട്ടനാട്ടിലെ ആദിമ ക്രൈസ്തവർ ആത്മീയ കാര്യങ്ങൽ നിർവഹിച്ചിരുന്നത്. പിന്നീട് കല്ലൂർക്കാട് പള്ളി സ്ഥാപിതമായതോടെ കുട്ടനാട്ടിലെ ക്രൈസ്തവരുടെ ആരാധനാ കേന്ദ്രം കല്ലൂർക്കാട് ( ചമ്പക്കുളം) പള്ളിയായി. പുളിങ്കുന്നിലും പരിസരപ്രദേശങ്ങളിലും ക്രൈസ്തവരുടെ എണ്ണം വർധിച്ചപ്പോൾ ഇവിടെയും ഒരു ദേവാലയം സ്ഥാപിക്കുവാൻ അന്നത്തെ ക്രൈസ്തവരുടെ നേതാവായിരുന്ന ചക്കാല ഈപ്പൻ തരകന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു. അന്ന് ഈ പ്രദേശങ്ങളുടെ (കോട്ടനെട്ടായം) നാടുവാഴിയായിരുന്ന വടക്കുംകൂർ കോയിക്കൽ തമ്പുരാനെ കണ്ട് ചക്കാല ഈപ്പൻ തരകൻ തങ്ങളുടെ ആവശ്യം അറിയിച്ചു. ഇപ്പോൾ പുളിങ്കുന്ന് വലിയപള്ളി ഇരിക്കുന്ന സ്ഥലം നാടുവാഴി പള്ളി വയ്ക്കുന്നതിന് അനുവദിക്കുകയും അവിടെ താമസിച്ചിരുന്ന പള്ളിയോടം വലിക്കുന്ന അരയന്മാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ദേശവാഴിയുടെ വകയായി മങ്കൊമ്പ് ചെറിയ മഠത്തിൽ നിന്നിരുന്ന വള്ളപ്പുര പൊളിച്ച് പുളിങ്കുന്നിൽ പള്ളിയായി സ്ഥാപിച്ച് ആരാധന സൗകര്യം ഏർപ്പെടുത്തി.
എ.ഡി. 1450 കാലഘട്ടത്തിലാണ് പുളിങ്കുന്നിലെ ഈ ആദ്യ ക്രൈസ്തവ ദേവാലയം സ്ഥാപിതമായത്. എ.ഡി.1500 ന് ശേഷം അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവ് പുളിങ്കുന്ന് പ്രദേശം കീഴടക്കി തന്റെ രാജ്യത്തോട് ചേർത്തു. കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ചെമ്പകശ്ശേരി രാജാവിൻറെ അധീനതയിലായി. കൃഷി, കച്ചവടം മുതലായവ വഴി ചെമ്പകശ്ശേരി രാജ്യം സമ്പൽസമൃദ്ധവും ഐശ്വര്യ പൂർണവും സാംസ്കാരികസമ്പന്നവുമായതോടുകൂടി മറ്റു പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ കുടിയേറി പാർക്കുവാൻ തുടങ്ങി. ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണകാലത്ത് ധാരാളം ക്രൈസ്തവരും മറ്റു പ്രദേശങ്ങളിൽ നിന്ന് കുട്ടനാട്ടിൽ കുടിയേറിപ്പാർത്ത് കൃഷി മുതലായ തൊഴിലുകൾ ചെയ്തു വന്നു. ഈ കാലഘട്ടത്തിൽ പുളിങ്കുന്നിൽ ധാരാളം ക്രൈസ്തവ കുടുംബങ്ങൾ പുതുതായി വന്ന് താമസം ആരംഭിച്ചു. ഇപ്പോൾ പുളിങ്കുന്ന് കൊവേന്ത പള്ളി ഇരിക്കുന്ന സ്ഥലം മുതൽ വലിയപള്ളി വരെയും വലിയപള്ളി മുതൽ കിഴക്കേ തലയ്ക്കൽ കുരിശുപള്ളി ഇരിക്കുന്നിടം വരെയും ആറ്റിറമ്പിൽ നിരവധി ക്രൈസ്തവ കുടുംബങ്ങൾ താമസിച്ചു. ഇതോടെ പുളിങ്കുന്ന് സുറിയാനി ക്രിസ്ത്യാനികളുടെ ഒരു ശക്തികേന്ദ്രമായി വളർന്നു.
എ.ഡി. 1557ൽ പുളിങ്കുന്നിലും പരിസരപ്രദേശങ്ങളിലുമുളള ക്രൈസ്തവർ ഒത്തുചേർന്ന് പഴയ പള്ളി പൊളിച്ചു പണിഞ്ഞു. അന്ന് കേരളത്തിൽ പോർച്യുഗീസുകാരെ ഭയന്ന് വേഷം മാറി നടന്നിരുന്ന കേരളത്തിലെ അവസാനത്തെ കൽദായ മെത്രാനെ പുളിങ്കുന്നിലെ ക്രൈസ്തവ കുടുംബങ്ങൾ ചേർന്ന് പുളിങ്കുന്നിൽ കൊണ്ടുവരുകയും പുളിങ്കുന്നിൽ പള്ളിക്ക് അടിസ്ഥാനം ഇടുകയും ചെയ്തു. 1557 ഫെബ്രുവരി 4 ന്പ്രോഎക്സിലെത്തി പ്രേഎമിനേൻഡ്യാ എന്ന തിരുവെഴുത്തിലൂടെ പോൾ നാലാമൻ മാർപ്പാപ്പ കൊച്ചി രൂപത സ്ഥാപിക്കുകയും ഈ പ്രദേശങ്ങൾ മുഴുവൻ ഈ രൂപതയുടെ കീഴിൽ ആക്കുകയും ചെയ്തു.
പുളിങ്കുന്നിലെ പുതിയ പള്ളി പണി പൂർത്തിയായപ്പോൾ കൊച്ചി രൂപത മെത്രാനിൽ നിന്നും ചെമ്പകശ്ശേരി രാജാവിന്റെയും പുളിങ്കുന്നിലെ ക്രൈസ്തവരുടെയും അഭ്യർത്ഥനപ്രകാരം അംഗീകാരം വാങ്ങി പുതിയ ദേവാലയം വെഞ്ചരിക്കുകയും ചെയ്തു. കൊച്ചിയിലെ അന്നത്തെ മെത്രാന്റെയും പുളിങ്കുന്നിലെ ദൈവജനത്തിന്റെയും പ്രത്യേക താൽപര്യപ്രകാരം ദൈവമാതാവായ കന്യകാമറിയത്തിന്റെ നാമത്തിൽ പള്ളി പ്രതിഷ്ഠിച്ചു. അന്ന് മുതൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളായ സെപ്റ്റംബർ 8 പുളിങ്കുന്ന് പള്ളിയിലെ പ്രധാന തിരുനാളായി ആഘോഷിക്കുന്നു. ആയിരക്കണക്കിനു വരുന്ന ദർശനസമൂഹാഗംങ്ങളുടെ മേൽനോട്ടത്തിലാണ് പ്രധാനതിരുനാൾ നടത്തുന്നത്. അതിനുവേണ്ടി ദർശന സമൂഹം ചേർന്ന് പ്രസുദേന്തിയെയും അവരുടെ തലവനായ ശീന്തിക്കോനേയും തെരഞ്ഞെടുക്കുന്നു.
എ.ഡി. 1750 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കി തിരുവിതാംകൂറിൽ ചേർത്തു. ഇതോടെ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ അരിഉത്പാദനമേഖലയായ കുട്ടനാട്ടിലേക്ക് കുടിയേറി. ഈ സമയത്ത് കുടിയേറിയവരാണ് പുളിങ്കുന്നിൽ ഇപ്പോഴുള്ള ക്രൈസ്തവരിൽ ഭൂരിപക്ഷം കുടുംബങ്ങളും.
ഇപ്പൊൾ പുളിങ്കുന്നിൽ കാണുന്ന കലാവിരുതുള്ള ബ്രഹ്മാണ്ഡ ദേവാലയം പുളിങ്കുന്നിന്റെ നെറുകയിൽ പമ്പയാറിൻ്റെ തീരത്തായി എ.ഡി. 1885 ൽ പണി കഴിപ്പിച്ചിട്ടുള്ളതാണ്. ഇന്ന് കാണുന്ന രീതിയിൽ എട്ടുപട്ടത്തോടുകൂടിയ പള്ളി പണിയുവാൻ നേതൃത്വം നൽകിയത് പുളിങ്കുന്ന് ഇടവകക്കാരൻ ആയിരുന്ന ശ്രാമ്പിക്കൽ ഗീവർഗ്ഗീസ് കത്തനാർ ആണ്. പള്ളിയുടെ ശിലാസ്ഥാപനവും ആദ്യ കല്ല് വെഞ്ചരിപ്പും ഈ ഇടവകാക്കാരൻ ആയിരുന്ന വെളിയനാട് തോപ്പിൽ ഗീവർഗ്ഗീസ് അച്ചനാണ് നിർവഹിച്ചത്.
പഴയ പള്ളിയുടെ അടിത്തറയിൽ തന്നെയാണ് പുതിയ പള്ളി പണിതത്. ഇപ്പൊൾ കാണുന്ന ഹൈക്കല പഴയ ഹൈക്കല തന്നെയാണ്. പതിനാറ് വർഷത്തോളം വികാരിയായി പള്ളി പണിക്ക് നേതൃത്വം നൽകിയ ശ്രാമ്പിക്കൽ അച്ചന് ശേഷം ബഹുമാനപ്പെട്ട സക്കറിയാസ് വാച്ചാപറമ്പിൽ അച്ചൻ വികാരിയായി, അദ്ദേഹം നേതൃത്വം നൽകിയാണ് ഇപ്പൊൾ കാണുന്ന പള്ളിയുടെ മുഖവാരപ്പണി നടത്തിയത്.
പള്ളി പണിയുടെ കാലഘട്ടത്തിൽ മെത്രാനച്ചന്റെ സെക്രട്ടറി ആയിരുന്ന പുളിങ്കുന്ന് പുരയ്ക്കൽ തോമാ കത്തനാരും പണികൾക്ക് നല്ല സഹായം നൽകിയിരുന്നു. തോമ്മാ കത്തനാർ വരപ്പിച്ച് നൽകിയ സ്കെച്ചും പ്ലാനും അനുസരിച്ചാണ് പള്ളി പണിതിട്ടുള്ളത്. പല കാലഘട്ടങ്ങളിലായി ഈ ഇടവകയിൽ നിന്നും പിരിഞ്ഞ് സ്വതന്ത്ര ഇടവകകളായ 20 പള്ളികൾ പുളിങ്കുന്ന് ഫൊറോനയുടെ കീഴിൽ പ്രവർത്തിക്കുന്നു.ഗ്രാമീണ ഭംഗി നിറഞ്ഞതും അതി മനോഹരവും ബൃഹത്തുമായ ഈ പുണ്യ പുരാതന ദൈവാലയം നൂറ്റാണ്ടുകളായി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അഭിമാനമാണ്.
ജോൺ.സി.ടിറ്റോ
പുളിങ്കുന്ന് സെന്റ് മേരി ഫൊറോനാ പള്ളിയുടെ ചരിത്രം പുതു തലമുറയുടെ അറിവിലേക്ക് പകർന്നു തന്ന ജോൺ.സി.ടിറ്റോ പുളിങ്കുന്നിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ആണ്. 2018ലെ നൂറ്റാണ്ടിലെ വെള്ളപ്പൊക്ക സമയത്തു പുളിങ്കുന്നിൽ നിന്നും രക്ഷാപ്രവർത്തനത്തിന് നേത്രത്വം നൽകിയ നെല്ല് കർഷകൻ കൂടിയായ ടിറ്റോ ജന്മനസുകൾ കിഴടക്കി ഒരു നേതാവാണ്…
Leave a Reply