കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ നാട്ടുകാർ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ചർച്ചയ്‌ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നൽകും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കമ്മിറ്റിയുടെ ശുപാർശ, കളക്ടർ സർക്കാരിന് സമർപ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാൾക്ക് എത്രയും വേഗം ജോലി നൽകും. ഇപ്പോൾ താൽക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാർശ സർക്കാരിന് നൽകും. വനമേഖലയും നാടും തമ്മിൽ വേർതിരിച്ച് സോളാർ ഫെൻസിംഗ് പോലുള്ള സംവിധാനങ്ങൾ വയ്‌ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.
Leave a Reply