ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. കണ്ണൂർ ജില്ലയിൽ ആലക്കോടിന് സമീപം തർത്തള്ളി സ്വദേശിയും കടിയൻകുന്നേൽ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലിൽ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടർന്നാണ് ഇന്ന് വിടവാങ്ങിയത്.
ഭാര്യ എൽസമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് കെവിൻ ബിജുവുമാണ് ഏകമകൻ. ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ, ന്യൂകാസിൽ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവർത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
യുകെയിലെത്തിയ ആദ്യകാലം മുതൽ തന്നെ സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന ബിജു മാത്യു, ഏത് ആവശ്യത്തിനും മടിയില്ലാതെ സഹായിക്കാൻ സന്നദ്ധനായ വ്യക്തിയായിരുന്നു. ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം സൗമ്യതയും സഹാനുഭൂതിയും നിറഞ്ഞ സമീപനത്തിലൂടെ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു.
ബിജു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply