ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ടോർക് വെയിലെ ജാക്ക് ആൻഡ് ജിൽ ചൈൽഡ് കെയറിലെ പുരുഷ സ്റ്റാഫിനെ ആണ് രക്ഷകർത്താവിന്റെ പരാതിയെതുടർന്ന് അറസ്റ്റ് ചെയ്തത്.

പ്രമാദമായ കേസിനെ പറ്റി പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. നഴ്സറിയിലെ ജീവനക്കാരനെ ജൂലൈ 29 ന് രക്ഷകർത്താവിന്റെ സംശയത്തെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് പോലീസ് 250ഓളം മണിക്കൂറത്തെ സിസിടിവി ഫൂട്ടേജ് വിശദമായി പരിശോധിച്ചു.അതിൽ നിന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടു മുതൽ അഞ്ചു വരെ പ്രായമുള്ള കുട്ടികളെ നിരവധി തവണ ഉപദ്രവിച്ചതായി കണ്ടെത്തി. 100ഓളം കുടുംബങ്ങളിലെ കുട്ടികൾ എത്തുന്ന നഴ്സറിയിലെ എല്ലാ കുട്ടികളും ഉപദ്രവിക്കപ്പെട്ടതായി ഭയക്കേണ്ടതില്ല എന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിനെ തുടർന്നുണ്ടായ കോലാഹലങ്ങൾ മൂലം 24 ഒക്ടോബർ മുതൽ നഴ്സറി അടച്ചിട്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ നവംബർ 22 വരെ ശക്തമായ സുരക്ഷാവലയത്തിൽ തന്നെ തടവിൽ വെക്കാനാണ് തീരുമാനം. അന്വേഷണം തുടങ്ങിയ സമയത്ത് പ്രതി നാടുവിടാൻ ശ്രമിച്ചിരുന്നു.

ഒരു രക്ഷിതാവ് പറയുന്നു “എന്റെ കുട്ടി ഇരകളുടെ പട്ടികയിൽ ഇല്ല എന്ന് പോലീസ് ഉറപ്പു നൽകിയിട്ടുണ്ട്, എങ്കിലും നൂറുകണക്കിന് കുഞ്ഞുങ്ങൾ വന്നു പോയി കൊണ്ടിരുന്ന സ്ഥലത്ത് അത് സംഭവിക്കും എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല”. ഇതുവരെ തങ്ങളുടെ ഞെട്ടലും ഭയവും വിട്ടുമാറിയിട്ടില്ല എന്ന് മറ്റൊരു മാതാവും വേദനയോടെ പ്രതികരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വർക്ക് മാനസിക പിന്തുണ നൽകാനും തങ്ങളുടെ കുട്ടി ഉപദ്രവിക്കപെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്താനുമായി പോലീസ് ഹെൽപ്പ് ഡെസ്ക് തുടങ്ങി.

പോലീസുമായി സഹകരിച്ച് വേണ്ടുന്ന സഹായങ്ങൾ ചെയ്യുമെന്ന് ടോർബേ ചിൽഡ്രൻസ് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ നാൻസി മീഹൻസ ഉറപ്പുനൽകി. കുട്ടികളുടെ ഭാവിയിൽ ആശങ്ക ഉള്ളവർക്കും താല്പര്യമുള്ള വർക്കും ആവശ്യമെങ്കിൽ ബന്ധപ്പെടാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ സേവനം ലഭ്യമാണ്.

ഹെൽപ്പ് ലൈൻ-018032088820-