അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം.മരണവാർത്ത കുടുംബാംഗങ്ങൾക്കെന്ന പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിങ്ങലായിരുന്നു. ഇപ്പോഴും കൊച്ചിയിലെ വീട്ടില്‍ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുകയാണദ്ദേഹം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
പ്രതീക്ഷകൾ മാഞ്ഞു തുടങ്ങിയപ്പോൾ
അവസാനം വരെ ശ്രീയ്ക്ക് പ്രതീക്ഷയും ആത്മധൈര്യവുമുണ്ടായിരുന്നു. ശ്രീയ്ക്ക് ശക്തി പകരും വിധത്തിലാണ് ഡോക്ടർ എപ്പോഴും സംസാരിച്ചിരുന്നത്. പക്ഷേ, അവസാന മാസങ്ങളായപ്പോൾ കിടക്കയിൽ നിന്ന് എണീക്കാനാകാത്ത അവസ്ഥയും കടുത്ത വേദനയുമെല്ലാം കൂടിയായപ്പോൾ ശ്രീയുടെ പ്രതീക്ഷകൾ പതുക്കെ മാഞ്ഞു പോകും പോലെ തോന്നി.
ജൂൺ മാസം തൊട്ട് പൂർണമായും കിടപ്പിലായി. ഹോസ്പിറ്റലിൽ തന്നെയായിരുന്നു. അടുത്ത സുഹൃത്തുക്കൾ വരുമ്പോൾ അവരുടെ കൈ പിടിച്ച് തളർന്ന സ്വരത്തിൽ ശ്രീ പറഞ്ഞു:‘‘മക്കളുെട കുറച്ചു കൂടി നല്ല കാലം കാണും വരെ എനിക്കു ജീവിക്കണമെന്നുണ്ടായിരുന്നു…’’ മൂത്ത മകൻ സിദ്ധാർഥ് ബെംഗളൂരുവിൽ എൽഎൽബി മൂന്നാം വർഷം പഠിക്കുകയാണ്. ഇളയ ആൾ സൂര്യ നാരായണൻ പത്താം ക്ലാസ് ആയതേയുള്ളൂ. അവരുെട കാര്യമോർത്ത് ശ്രീ ഏറെ വിഷമിച്ചു.
തലച്ചോറിന് 10 റേഡിയേഷൻ എടുത്തിരുന്നു. ചികിത്സയുടെ ക്ഷീണവും രോഗത്തിന്റെ മാരകാവസ്ഥയും ശരീരത്തി ന്റെ ദുർബലതയും എല്ലാം കൂടി ശ്രീ വല്ലാതെ തളർന്നു. ഒരു ദിവസം ശ്രീ പറഞ്ഞു. ‘സിദ്ധുമോൻ ‘തിര നുരയും…’ ‘ശ്രീരാഗമോ’ ഈ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തു കേൾപ്പിക്കണം..’ സിദ്ധു നന്നായി പാടുമായിരുന്നു. അമ്മയ്ക്കു വേണ്ടി അവൻ ഈ രണ്ടു ഗാനങ്ങളും വേഗം തന്നെ പഠിച്ച് ഫോണിൽ റെക്കോർഡ് ചെയ്തു. അവസാന ദിവസങ്ങളിൽ ആ പാട്ട് ആവ ർത്തിച്ചു കേൾക്കാൻ ഇഷ്ടപ്പെട്ടു ശ്രീ. മരുന്നു കഴിക്കാൻ മടിയായിരുന്നു. ആ പാട്ട് പ്ലേ ചെയ്തു െകാണ്ടിരിക്കുമ്പോൾ പ്രോട്ടീൻ പൗഡർ കലക്കിയത് സ്പൂണിൽ പതുക്കെ കോരിക്കൊടുക്കും. മക്കൾ രണ്ടു േപരും കൂടെയിരുന്നു. ഹോം നഴ്സ് ഉണ്ടെങ്കിലും ഡയപ്പർ മാറ്റാൻ പോലും സഹായിച്ച് അരികിൽ ഇളയ മോനുമുണ്ടായിരുന്നു.
അർദ്ധമയക്കത്തിൽ ആ സമയത്ത് ശ്രീ പറയുമായിരുന്നു, ‘അച്ചാച്ചാ പോകാം’ എന്ന്. ശ്രീ അച്ചാച്ചനെന്നു വിളിച്ചിരുന്നത് അമ്മയുടെ അച്ഛനെയാണ്. അച്ചാച്ചനോടായിരുന്നു കുട്ടിക്കാലത്ത് ഏറെ അടുപ്പം. അച്ഛന് മിലിട്ടറി എൻജിനീയറായി ദൂരെ ജോലിയായിരുന്നതിനാൽ അമ്മയുടെ അച്ഛനായിരുന്നു കുട്ടിക്കാലത്ത് വളർത്തിയത്. മരണത്തോട് അടുക്കുന്ന സമയത്ത് മരിച്ചു പോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെ അടുത്തു കാണുന്നതായി തോന്നുമെന്ന് പറയാറുണ്ട്്. അതാകും ശ്രീ ‘അച്ചാച്ചാ’ എന്ന് വിളിച്ചു െകാണ്ടിരുന്നത്.
അവസാന ദിവസങ്ങളിൽ മരുന്ന് കഴിക്കാൻ ശ്രീ വിമുഖത കാട്ടി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങണം എന്നാശിച്ചു. അങ്ങനെ വീട്ടിലേക്കു കൊണ്ടുവന്നു. എല്ലാം ശ്രീ ഉള്ളിൽ തീർച്ചപ്പെടുത്തിയ പോലെയായിരുന്നു. തലേന്ന് രാത്രി ഡോക്ടർ വീട്ടിൽ വന്ന് മരുന്നു കൊടുത്തിട്ടാണ് പോയത്. ഒാക്സിജൻ ട്യൂബ് വഴിയാണ് നൽകിയിരുന്നത്. അന്ന് മൂത്ത മകൻ ബെംഗളൂരുവിലെ കോളജിലേക്ക് അത്യാവശ്യത്തിനു പോകണമെന്നു പറഞ്ഞപ്പോൾ ‘ഇപ്പോൾ പോകണോ’ എന്നു ചോദിച്ചു. രാത്രി ഒരു മണി വരെ ഇളയ മോൻ അമ്മയുടെ അടുത്തുണ്ടായിരുന്നു…പിറ്റേന്ന് ഒാഗസ്റ്റ് 13 ന്റെ പ്രഭാതം. ആ പ്രഭാതത്തിൽ ഞങ്ങളുടെ സ്നേഹം വിട്ട് ശ്രീ മറ്റൊരു ലോകത്തേക്കു യാത്രയായി.
Leave a Reply