ഭാര്യയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുമ്പോൾ ശ്രീയുടെ ഒരു ചെറിയ മോഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ടെന്ന് ബിജു നാരായണൻ. ഓർമദിനത്തിൽ ശ്രീലതയ്ക്കായി ‘ഓർമകൾ മാത്രം’ എന്ന പേരിൽ ഒരു സംഗീത ആൽബവും ബിജു സമർപ്പിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുടെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് ബിജു പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….

ശ്രീ ഫെയ്‌സ്ബുക്ക് അക്കൗണ്ടോ ഇ-മെയിലോ ഒന്നുമില്ലാതിരുന്ന ഒരാളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. ഞാനും മക്കളും കുടുംബവും മാത്രമായിരുന്നു എന്നും അവളുടെ മനസ്സിൽ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട്‌ ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്.

കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നു പോയി.

എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്. അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിന് കാത്തുനിൽക്കാതെ അർബുദ രോഗം അവളെ കവർന്നെടുത്തു. ഒരു ദിവസം പോലും തനിക്ക് ഭാര്യയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആകില്ല എന്നാണ് എല്ലാ അഭിമുഖങ്ങളിലും ബിജു പറഞ്ഞിട്ടുള്ളത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്.