വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തിയതിലൂടെ ശ്രദ്ധേയയായ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപമായിരുന്നു അപകടം. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നദീമിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ പര്യടനം നടത്തിയതാണ് സനയെന്ന ഹൈദരാബാദ് സ്വദേശിനിയെ ശ്രദ്ധേയയാക്കിയത്. ‘ആത്മഹത്യകളും വിഷാദരോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്കരണ യാത്ര’ എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച ബുള്ളറ്റിലായിരുന്നു സനയുടെ യാത്രകള്‍.
ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ്‌സിഎംഎസ് കാമ്പസിലും സന എത്തിയിരുന്നു. ജീവിതത്തില്‍ ഒരു ഘട്ടത്തിലും നിങ്ങള്‍ കണ്‍ഫ്യൂഷന് അടിമയാകരുത്. അത് ആത്മവിശ്വാസത്തെയും മനക്കരുത്തിനെയും ദുര്‍ബലമാക്കും. എന്തിനും ഏതിനും ശാശ്വതമായ പരിഹാരവും പരിസമാപ്തിയും നമ്മളില്‍ തന്നെയുണ്ട്. സംവദിക്കാനെത്തിയ കുട്ടികളോട് അന്ന് സന പറഞ്ഞു. നിറഞ്ഞകയ്യടികളോടെയായിരുന്നു അന്ന് സനയുടെ വാക്കുകള്‍ കുട്ടികള്‍ സ്വീകരിച്ചത്.
Leave a Reply