ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ ടെക്നോളജി മേഖലയിലെ സഹോദരങ്ങളായ ദിവ്യാങ്കും ഭവിനും ഇടം നേടി. ഇന്ത്യയിൽ നിന്നുള്ളവരുടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻമാരും ഇവർ തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇവർ രണ്ടു പേരുടെയും മൊത്തം ആസ്തി 1.3 ബില്ല്യൻ ഡോളറാണ് (ഏകദേശം 8,496 കോടി രൂപ). ഇന്ത്യയിൽ നിന്നുള്ളവരുടെ പട്ടികയിൽ 95–ാം സ്ഥാനത്താണ് ദിവ്യാങ്ക്– ഭവിൻ സഹോദരങ്ങൾ.
കുട്ടിക്കാലത്തു തന്നെ ബിസിനസ് തുടങ്ങിയ ഇരുവരും കുറഞ്ഞ കാലത്തിനിടെയാണ് കോടികളുടെ ആസ്തി സ്വന്തമാക്കിയത്. 900 ദശലക്ഷം ഡോളർ ആസ്തിയുള്ള പരസ്യ കമ്പനി മീഡിയ ഡോട്ട് നെറ്റ് ചൈനീസ് കമ്പനിക്ക് കൈമാറിയത് അടുത്തിടെയാണ്. 2013 ൽ നാല് ടെക് കമ്പനികളാണ് ഇരുവരും വില്‍പന നടത്തിയത്.
കോടീശ്വരൻ ദിവ്യാങ്കിന്റേത് അദ്ഭുത വിതച്ച കഥ തുടർന്ന് വായിക്കാം
പതിനാലാം വയസിലാണ് സഹോദരനൊപ്പം ചേര്‍ന്ന് ദിവ്യാങ്ക് തോറഖ്യ ആദ്യ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. പതിനാറ് വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1998ല്‍ വെബ് ഹോസ്റ്റിംഗ് കമ്പനിയായ ഡിറെക്ടി ഗ്രൂപ്പ് ദിവ്യാങ് സഹോദരനൊപ്പം ചേര്‍ന്ന് ആരംഭിച്ചു. പതിനെട്ടാം വയസില്‍ ലക്ഷപ്രഭുവായ ദിവ്യാങ്കിന് 21 വയസായപ്പോഴേക്കും കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ബിസിനസ് എന്ന ആശയത്തെ തന്നെയാണ് ആദ്യ സംരംഭമായി തോറഖ്യ സഹോദരങ്ങള്‍ കണ്ടത്. വളരെ ചെറിയ കാലത്തിനുള്ളില്‍ വലിയ നേട്ടങ്ങളാണ് ദിവ്യാങ്ക് തോറഖ്യ സ്വന്തമാക്കിയത്. ഇതുവരെ ഏഴോളം ബിസിനസ് സംരംഭങ്ങളാണ് ദിവ്യാങ്ക് നടത്തിയത്. ബിഗ് റോക്ക്, കോഡ്ചീഫ്, റീസെല്ലര്‍ക്ലബ്, ലോജിക്ക് ബോക്‌സസ്, വെബ്‌ഹോസ്റ്റിംഗ് ഡോട്ട് ഇന്‍ഫോ, ടോക്ക് ഡോട്ട് ടു എന്നിവയാണ് ദിവ്യാങ്കിന്റെ മീഡിയ ഡോട്ട് നെറ്റിന് കീഴില്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍. ബിസിനസ് കോണ്‍ഫറന്‍സുകളിലും അമേരിക്കയിലേയും ഇന്ത്യയിലേയും ചൈനയിലേയുമെല്ലാം സര്‍വ്വകലാശാലകളിലും സ്ഥിരം പ്രാസംഗികനാണ് ദിവ്യാങ്ക്. എങ്ങനെ ബിസിനസ് സംരംഭം ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ഈ യുവാവിന്റെ വാക്കുകള്‍ക്ക് നിരവധി പേരാണ് ലോകമെങ്ങും കാതോര്‍ത്തിരിക്കുന്നത്.
വിചിത്രമായ ഹോബികളാണ് ദിവ്യാങ്ക് തോറഖ്യയുടേത്. പറക്കുന്ന വിമാനത്തിന്റെ ചിറകിലൂടെ നടക്കുക, സ്‌കൈ ഡൈവിംഗ്, ബലൂണില്‍ പറക്കുക, സ്‌കൂബ ഡൈവിംഗ്, പാര ഗ്ലൈഡിംഗ്, ബോട്ട് ഓടിക്കല്‍, ട്രക്കിംഗ്, റോക്ക് ക്ലൈംബിങ് എന്നിവയാണ് ദിവ്യാങ്കിന്റെ ഹോബികളില്‍ ചിലത്. അതിവേഗത്തില്‍ മുന്നേറുന്ന ബിസിനസ് സംരംഭത്തിന്റെ ഉടമയായ ദിവ്യാങ്കിന് വേഗവും സാഹസികതയും ഇന്ധനമാക്കിയ ഹോബികള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. മുംബൈയില്‍ സ്വന്തമായി സെസ്സന്ന 172 വിമാനം ഉള്ളയാളാണ് ദിവ്യാങ്ക്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും(സിറസ് എസ്ആര്‍ 22) അദ്ദേഹത്തിന് വിമാനമുണ്ട്. വിമാനം പറത്തുന്നതിനൊപ്പം സ്‌പോര്‍ട്‌സ് കാറുകള്‍ ഓടിക്കുന്നതിലും കമ്പമുള്ള ദിവ്യാങ്കിന്റെ ശേഖരത്തില്‍ പോര്‍ഷെ 911 സ്‌പോര്‍ട്സ് കാറുമുണ്ട്.
പതിമൂന്ന് വയസു പ്രായമുള്ളപ്പോഴാണ് സഹോദരന്‍ ഭാവിന്‍ തോറഖ്യക്കൊപ്പം ജിഡബ്ലുബേസികില്‍ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ഗെയിം പ്രോഗ്രാം ചെയ്യുന്നത്. ഒരു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇവര്‍ ഗെയിം പ്രോഗ്രാം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അതിന് ശേഷമാണ് ഇവര്‍ ജിഡബ്ലു ബേസിക് ഇത്ര വലിയ പ്രോഗ്രാമിംഗ് ഫയലിനെ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞത്. ജിഡബ്ലുബേസിക് മാറ്റി ക്യുബേസികിലോ മറ്റോ ചെയ്യുകയായിരുന്നു പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന തോറഖ്യ സഹോദരങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ പരമാവധി ചെറുതാക്കി നാല് ബൈറ്റ് വരെ ലാഭിച്ച് ഇതേ കോഡുപയോഗിച്ച് ഗെയിം പുറത്തിറക്കുകയായിരുന്നു.
പ്രതിസന്ധികളില്‍ പതറാതെ സ്വന്തം രീതിയില്‍ പരിഹാരങ്ങള്‍ കാണാനുള്ള ശേഷിയാണ് പിന്നീടും ദിവ്യാങ്ക് തുറേഖിയയെ വിജയിച്ച സംരംഭകനാക്കി മാറ്റിയത്. ബിസിനസ് പങ്കാളിയാല്‍ വഞ്ചിക്കപ്പെട്ട് പത്തുപൈസ പോലുമില്ലാതെ തകര്‍ന്നു നില്‍ക്കുന്നയാളില്‍ നിന്നാണ് ഇവര്‍ തയ്യാറാക്കിയ ഗെയിം ആരംഭിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് പല കടമ്പകള്‍ താണ്ടി ബിസിനസ് വിജയിപ്പിക്കുന്നതാണ് ഗെയിമിന്റെ ഉള്ളടക്കം. ഒരു കമ്പനിക്കു മുന്നില്‍ വരുന്ന വ്യത്യസ്ത മേഖലകളിലെ വെല്ലുവിളികളത്രയും ഇവര്‍ തങ്ങളുടെ ഗെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കളിച്ച് മുന്നേറുന്നതിനനുസരിച്ച് എച്ച്ആര്‍, റിസര്‍ച്ച്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഫിനാന്‍സ്, നിയമം തുടങ്ങി നിരവധി മേഖലകളില്‍ നിന്നാണ് വെല്ലുവിളികള്‍ വരുക. ഇവയൊക്കെ അതിജീവിച്ച് ബിസിനസ് തുടങ്ങുന്നയാളായിരിക്കും വിജയി. കോര്‍പറേറ്റ് മേഖലയെക്കുറിച്ച് നിരവധി അറിവുകള്‍ പങ്കുവെക്കുന്ന ഈ വ്യത്യസ്ത ഗെയിം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഡിറെക്ടി എന്ന ഇവരുടെ കമ്പനി രൂപീകരിച്ചപ്പോള്‍ മുതല്‍ ഉയര്‍ച്ചയുടെ പാതയിലാണ്. 550ലേറെ ജീവനക്കാരാണ് ഡിറെക്ടിയിലുള്ളത്. മുംബൈയില്‍ ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ളതാണ് ഇവരുടെ കൂറ്റന്‍ ആസ്ഥാനം. ജീവനക്കാരുടെ ക്ഷേമത്തിന് നല്‍കുന്ന പ്രാധാന്യവും ദിവ്യാങ്കിന്റെ കമ്പനിയെ വേറിട്ടതാക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ജിംനേഷ്യം, നീന്തല്‍കുളം, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, ഡിവിഡി ലൈബ്രറി, സിനിമാ തിയേറ്റര്‍, പ്ലേസ്റ്റേഷനുകള്‍, ജീവനക്കാര്‍ക്ക് സൗജന്യമായി മുടിവെട്ടുന്നതിനും മസാജിംഗിനുമായുള്ള സലൂണ്‍, സൗജന്യമായി ഭക്ഷണം ലഭിക്കുന്ന കാന്റീന്‍ എന്നിവ ഡിറെക്ടിയുടെ പ്രത്യേകതയാണ്. തങ്ങളുടെ ടീമിന്റെ അനുമതിയോടെ സൗകര്യപ്രദമായ സമയം ജോലിക്കായി തെരഞ്ഞെടുക്കാനും ഡിറെക്ടിയിലെ ജീവനക്കാര്‍ക്കാകും. ഇത്തരം പ്രത്യേകതകള്‍ കൊണ്ടു തന്നെ ഒരിക്കലും ഇവരുടെ കമ്പനിക്ക് പ്രതിഭകളായ ജീവനക്കാരുടെ ക്ഷാമം നേരിടേണ്ടി വന്നിട്ടില്ല.