ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി നേഴ്‌സ് ബിന്ദു മാളിയേക്കൽ (46) റോഡ് ക്രോസിംഗിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു . തൃശൂർ വെളയനാട് സ്വദേശിനിയായ ബിന്ദു സെന്റ് ഉർബാനിൽ ആണ് താമസിച്ചിരുന്നത് . ഒക്ടോബർ ഒന്നിനായിരുന്നു അപകടം. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ പെഡസ്ട്രിയൻ ക്രോസിംഗിൽ അമിത വേഗത്തിൽ വന്ന വാഹനം ബിന്ദുവിനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ അഞ്ചിന് വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബിന്ദു മാളിയേക്കൽ കഴിഞ്ഞ രണ്ടുവർഷമായി സെന്റ് ഉർബാനിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബി.എസ്.സി നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം 22 വർഷങ്ങൾക്ക് മുമ്പ് അവർ ആദ്യം ഓസ്ട്രിയയിൽ നേഴ്‌സായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിയന്നയിൽ ജോലി ചെയ്ത മലയാളി ബിജു മാളിയേക്കലിനെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളാണ് ഇവർക്ക് ഉള്ളത് . ബ്രൈറ്റ്‌സണും ബെർട്ടീനയുമാണ് ഇവരുടെ മക്കൾ. സ്വിറ്റ്സർലാൻഡിൽ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിനിടെ സംഭവിച്ച ഈ ദുരന്തം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.
സ്വിറ്റ്സർലാൻഡ് മലയാളി സമൂഹത്തിൽ ഏറെ സജീവമായി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു ബിന്ദു. എപ്പോഴും ചിരിച്ച മുഖത്തോടും കരുണാഭാവത്തോടും സമീപിച്ചിരുന്ന അവർ സാമൂഹിക പരിപാടികളിലും സന്നദ്ധപ്രവർത്തനങ്ങളിലും സജീവമായിരുന്നു . അവരുടെ അപ്രതീക്ഷിത വിയോഗവാർത്ത സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് .
ബിന്ദുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply