ഒരു ഫോൺ കോളിനപ്പുറം പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ എന്ന നടൻ പറയുകയാണ്. ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല.. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ ഇൗ വാക്കുകളാണ് ബിനീഷിനെ തളർത്തിയത്.
വേദനിപ്പിച്ച സംഭവത്തെപറ്റി ബിനീഷിന്റെ വാക്കുകളിലൂടെ
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.
എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ഞാൻ എത്തി.
കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ… ബിനീഷ് ചോദിക്കുന്നു.
Leave a Reply