എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇഷ്ടമുള്ളത് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. പതിവ് വൈദ്യപരിശോധനയ്ക്കായി ബംഗളുരു ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബിനീഷിന്റെ പ്രതികരണം.
തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.
നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.
ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.
Leave a Reply