ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി മാഞ്ചസ്‌റ്റര്‍ സിറ്റി. അയല്‍ക്കാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ 3-1 നാണു സിറ്റി തോല്‍പ്പിച്ചത്‌. സ്വന്തം തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണു സിറ്റി മൂന്ന്‌ ഗോളുകളുമടിച്ചത്‌.

ഫില്‍ ഫോഡന്‍ ഇരട്ട ഗോളുകളും ഏര്‍ലിങ്‌ ഹാളണ്ട്‌ ഒരു ഗോളുമടിച്ചു. മാര്‍കസ്‌ റാഷ്‌ഫോഡാണു യുണൈറ്റഡിനായി ഗോളടിച്ചത്‌. 27 കളികളില്‍നിന്ന്‌ 62 പോയിന്റ്‌ നേടിയ സിറ്റി രണ്ടാം സ്‌ഥാനത്താണ്‌. ഒരു പോയിന്റിനു മുന്നിലുള്ള ലിവര്‍പൂളാണ്‌ ഒന്നാമത്‌. 44 പോയിന്റുള്ള യുണൈറ്റഡ്‌ ആറാം സ്‌ഥാനത്തു തുടര്‍ന്നു. എട്ടാം മിനിറ്റില്‍ എതിഹാദിനെ നിശബ്‌ദമാക്കി യുണൈറ്റഡ്‌ ലീഡ്‌ നേടി. ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാന നല്‍കിയ ഒരു ലോംഗ്‌ ബോള്‍ സ്വീകരിച്ച ബ്രൂണോ ഫെര്‍ണാണ്ടസ്‌ റാഷ്‌ഫോഡിന്‌ മറിച്ചു നല്‍കി. റാഷ്‌ഫോഡിന്റെ പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നുള്ള ലോകോത്തര ഫിനിഷ്‌ ഗോള്‍ കീപ്പര്‍ എഡേഴ്‌സണിനെ മറികടന്നു. ഗോള്‍ വീണതോടെ സിറ്റിയുടെ തുടരന്‍ ആക്രമണം കണ്ടു.

അവര്‍ ഒന്നാം പകുതിയില്‍ 17 ഷോട്ടുകള്‍ തൊടുത്തെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. ഇഞ്ചുറി ടൈമില്‍ ഹാളണ്ടിനു സുവര്‍ണാവസാരം മുതലാക്കാനുമായില്ല. 56 -ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ മിന്നല്‍ ഷോട്ട്‌ ഒനാനയെ മറികടന്നു വലയിലെത്തി. 80-ാം മിനിറ്റില്‍ ഫോഡന്‍ തന്നെ സിറ്റിക്ക്‌ ലീഡും നല്‍കി. ഡാനി അല്‍വാരസിന്റെ അസിസ്‌റ്റിലായിരുന്നു ഫോഡന്റെ ഫിനിഷ്‌. 92-ാം മിനിറ്റില്‍ അബ്രത്തിന്റെ പിഴവ്‌ മുതലെടുത്ത്‌ ഹാളണ്ട്‌ സിറ്റിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളുമടിച്ചു. സിറ്റിയുമായി 18 പോയിന്റിന്റെ അകലമുണ്ടെങ്കിലും തങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്നു യുണൈറ്റഡ്‌ കോച്ച്‌ എറിക്‌ ടെന്‍ ഹാഗ്‌ പറഞ്ഞു. യുണൈറ്റഡിന്റെ അടുത്ത മത്സരം ശനിയാഴ്‌ച എവര്‍ടണിനെതിരേയാണ്‌.