ബിനീഷിനെ കാണാന്‍ സഹോദരൻ ബിനോയിയെത്തി; ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല, തിരിച്ചു മടങ്ങി

ബിനീഷിനെ കാണാന്‍ സഹോദരൻ ബിനോയിയെത്തി;  ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല, തിരിച്ചു മടങ്ങി
October 30 15:11 2020 Print This Article

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയെ മടക്കി അയച്ചു. അഭിഭാഷകരുമൊത്ത് ബംഗളുരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി അരമണിക്കൂറിലധികം സമയം ചിലവഴിച്ചെങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കസ്റ്റഡിയിലുള്ളയാളെ കാണിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കുന്നതിന് എതിര്‍പ്പില്ലെന്നും ഉദ്യോഗസ്ഥര്‍ തീര്‍ത്തുപറഞ്ഞതോടെ ബിനോയ് മടങ്ങി. തിരിച്ചിറങ്ങുന്നതിനിടെ ഒന്നും പറയാനില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം. രാവിലെ ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനുള്ള വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു ൈകമാറിയിരുന്നു.

ലഹരിമരുന്ന് ഇടപാടുകാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളിപ്പിച്ചു. ബംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇ.ഡി കണ്ടെത്തി. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴിനല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപെടുത്തലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും അറസ്റ്റ് സംബന്ധിച്ചുള്ള വാര്‍ത്ത കുറിപ്പിലുമാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22ന് ലഹരി ഗുളികളുമായി അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയാണ്. അനൂപിനെ വച്ചാണ് ബിനീഷ് ബംഗളുരുവിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകള്‍ നിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം അയച്ചിട്ടുണ്ട്.ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി അവകാശപെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.

കമ്മനഹള്ളിയിലെ ഹോട്ടല്‍ അടക്കമുള്ളവ, ബെനാമി പേരിലുള്ളതാണെന്ന് അനൂപ് സമ്മതിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിനീഷ് കോടിയേരി ബോസാണെന്നും ബോസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മറ്റൊരു മൊഴി. അനൂപിന് പണം അയച്ചത് സമ്മതിക്കുന്ന ബിനീഷ് കള്ളപണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപെടുത്താന്‍ തയാറാകുന്നില്ല.അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സിറ്റി സിവില്‍ ആന്‍്ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റും.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles