വ്യത്യസ്ത ശൈലിയിലൂടെ മലയാളി പ്രേക്ഷകരിൽ ചിരിയും നൊമ്പരവും നിറച്ച അതുല്യ കലാകാരനാണ് കുതിരവട്ടം പപ്പു. വിടപറഞ്ഞിട്ട് 21 വര്ഷം പിന്നിട്ടിട്ടും കോഴിക്കോട് സ്വദേശിയായ പനങ്ങാട്ട് പത്മദളാക്ഷനെ ആരും മറന്നിട്ടില്ല. മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, തേന്മാവിൻ കൊമ്പത്ത് എന്നീ ചിത്രങ്ങളിലൂടെ അവിസ്മരണീയമായ ഡയലോഗുകൾ പപ്പു മലയാളികൾക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മകനും നടനുമായ ബിനു പപ്പു.
‘ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു ഡാഡി. നിങ്ങൾ ഇവിടെയെന്നതുപോലെ സ്വർഗത്തിലും തിളങ്ങട്ടെ. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു.നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു..’- ബിനു പപ്പുവിന്റെ വാക്കുകൾ.
1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനിച്ച പപ്പു നാടകകമ്പം കാരണം പതിനേഴാം വയസിൽ അഭിനയലോകത്തേക്ക് എത്തിയതാണ്. മൂടുപടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. പിന്നീടുള്ള ചിത്രങ്ങളും അദ്ദേഹം ആ പേരിൽ സ്വീകരിച്ചു. 1500 ലധികം ചിത്രങ്ങളിൽ വേഷമിട്ട പപ്പു, ഏറ്റവുമൊടുവിൽ അഭിനയിച്ചത് നരസിംഹത്തിലാണ്.
Leave a Reply