യുകെകെസിഎ ഇലക്ഷന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ വീറും വാശിയും മുറുകുകയാണ്. കഴിവും പ്രാപ്തിയുമുള്ള നേതൃനിര യുകെകെസിഎയുടെ അമരത്ത് വരണമെന്ന് സമുദായാംഗങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ മുന്‍കാല പ്രവര്‍ത്തന പാരമ്പര്യം ഉള്‍പ്പെടെ പരിഗണനയ്ക്ക് വരും. അത് കൊണ്ട് തന്നെ തങ്ങളുടെ യൂണിറ്റില്‍ നിന്നും മത്സര രംഗത്തേക്ക് ഉയര്‍ത്തി കാട്ടിയിരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിപിന്‍ പണ്ടാരശ്ശേരിയെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിക്കാട്ടുകയാണ് കവന്റ്രി ആന്‍ഡ് വാര്‍വിക്ക് ഷയര്‍ യൂണിറ്റ്.

കവന്റ്രി ആന്‍ഡ് വാര്‍വിക്ക് ഷയര്‍ യൂണിറ്റിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിപിന്‍ പണ്ടാരശ്ശേരി കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ നിന്നാണ് യുകെയില്‍ എത്തിയത്. നാട്ടില്‍ ആയിരുന്നപ്പോള്‍ കെസിവൈഎല്‍ പ്രവര്‍ത്തനങ്ങളിലൂടെ യുവജനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് യുകെയിലേക്ക് എത്തിയത്. നിലവില്‍ യുകെയിലും കെസിവൈഎല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ബിപിന്‍ മുന്‍പ് യൂണിറ്റ് സെക്രട്ടറി ആയും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

സമുദായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പങ്കെടുക്കുന്ന യുവജനതയെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ തന്‍റെ പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കും എന്ന് ഉറപ്പ് നല്‍കി തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്ന ബിപിന്‍ പണ്ടാരശ്ശേരി ഉറച്ച വിജയ പ്രതീക്ഷ പുലര്‍ത്തുന്നതിന് പിന്നില്‍ യൂണിറ്റില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും കാരണമാണ്.