മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ : ജോജി തോമസ്

ബി.സി 300-ാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ചരക മുനിയാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ആധുനിക കാലത്ത് ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ ലോകത്തിനു തന്നെ മാതൃകയായ ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ഉന്നതര്‍ അടുത്ത കാലത്ത് ചരകമുനിയുടെ നാടായ ഇന്ത്യയില്‍ നഴ്സിംഗ് രംഗത്ത് നിന്നുള്ള പ്രൊഫഷണലുകളെ തേടി ചെന്നതിനുശേഷം തിരിച്ചുവന്ന് പറഞ്ഞ അഭിപ്രായം ”കേരളവും ഇന്ത്യയും ഇത്രയധികം മികച്ച യോഗ്യതയും സാമര്‍ത്ഥ്യവുമുള്ള നഴ്സുമാരെക്കൊണ്ട് സമ്പന്നമാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യരംഗം മനസിലാക്കിയിരുന്നില്ലെന്നാണ്”. കാലങ്ങളായി ബ്രിട്ടണിലെ ആരോഗ്യ പരിപാലനരംഗത്ത് ഇന്ത്യക്കാരും മലയാളികളും നല്‍കുന്ന സംഭാവനകളും നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ തന്നെ നട്ടെല്ലായ കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സാമര്‍ത്ഥ്യവും മനസിലാക്കിയാണ് നഴ്സിംഗ് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വന്നപ്പോള്‍ എന്‍.എച്ച്.എസിന്റെ ശ്രദ്ധ കേരളത്തിലേയ്ക്കും ഇന്ത്യയിലേക്കും തിരിഞ്ഞത്.

ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെയും ഇവിടുത്തെ പൊതുജനത്തിന്റെയും ആവശ്യങ്ങളും പ്രതീക്ഷകളും സഫലമാക്കുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് കേരളത്തില്‍ നിന്നെത്തിയ യുവതലമുറയില്‍പ്പെട്ട നഴ്സിംഗ് സമൂഹം കാഴ്ച വയ്ക്കുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത ബിപിന്‍ രാജ് എന്ന യുവ നഴ്സിംഗ് പ്രൊഫഷണല്‍ ഇതിന് മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ആരോഗ്യ പരിപാലന രംഗത്ത് വളരെ പ്രശസ്തയും അകാലത്തില്‍ അസ്തമിക്കുകയും ചെയ്ത കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡ് ആണ് ബിപിന്‍ രാജിനെ തേടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എത്തിയത്. മിഡ് യോര്‍ക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പിന്‍ഡര്‍ഫീല്‍ഡ് ഹോസ്പിറ്റലിലാണ് ബിപിന്‍രാജ് ജോലി ചെയ്യുന്നത്.

കെയ്റ്റ് ഗ്രാന്‍ജറിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡിനായി ലഭിച്ച എണ്‍പതോളം നോമിനേഷനില്‍ നിന്നാണ് ബിപിന്‍രാജ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ബ്രിട്ടണിലെ ആരോഗ്യ പരിപാലന രംഗത്ത് പ്രശസ്തയും വളരെയധികം സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് കെയിറ്റ് ഗ്രാന്‍ജറിന്റേത്. മുപ്പത്തിനാലാം വയസില്‍ ആരോഗ്യ പരിപാലന രംഗത്ത് വളരെയധികം സംഭാവനകള്‍ ബാക്കിവെച്ച് ലോകത്തോട് വിടപറഞ്ഞ കെയ്റ്റ് ഗ്രാന്‍ജറാണ് വളരെ പ്രശസ്തമായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിന്‍ ആരംഭിച്ചത്. നാല് ലക്ഷത്തോളം പേര്‍ ഭാഗഭാക്കായ ”ഹലോ മൈ നെയിം ഈസ്” കാമ്പയിനില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തുടങ്ങിയവര്‍ സജീവമാണ്. ഫെലോ ഓഫ് റോയല്‍ കോളേജ് ഓഫ് ഫിസീഷ്യനിലേയ്ക്ക് പരിശീലനകാലത്ത് തന്നെ തെരഞ്ഞെടുക്കപ്പെട്ട ഏക ഡോക്ടര്‍ എന്ന ബഹുമതിയും കെയിറ്റ് ഗ്രാന്‍ജറിന് സ്വന്തമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതത്തിന്റെ അവസാന നാളുകളില്‍ ഇനിയുമൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന തിരിച്ചറിവില്‍ തളരാതെ താന്‍ എഴുതിയ പുസ്തകങ്ങളുടെ വില്‍പനയിലൂടെയും, സ്പോണ്‍സേര്‍ഡ് ഇവന്റുകള്‍ വഴിയും രണ്ടരലക്ഷത്തോളം പൗണ്ട് സമാഹരിച്ച് യോര്‍ക്ഷയര്‍ കാന്‍സര്‍ സെന്ററിന് നല്‍കാന്‍ കെയ്റ്റ് ഗ്രാന്‍ജറിന് സാധിച്ചു. ഇത്തരത്തിലുള്ള ഒരു ബഹുമുഖ പ്രതിഭയുടെ പേരിലുള്ള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കിയപ്പോഴും ബിപിന്‍ രാജിന്റെ വാക്കുകളില്‍ വിനയവും ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനുള്ള ആത്മവിശ്വാസവും ആവേശവുമാണ് കാണാന്‍ സാധിക്കുന്നത്. അവാര്‍ഡിന്റെ നേട്ടത്തില്‍ നില്‍ക്കുമ്പോഴും ഇതിന് തന്നെക്കാള്‍ അര്‍ഹരായ നൂറുകണക്കിന് നഴ്സുമാരുണ്ടെന്നാണ് ബിപിന്‍ രാജ് മലയാളം യുകെയോട് പറഞ്ഞത്.

വളരെ ബുദ്ധിമുട്ടേറിയ ജോലി സാഹചര്യങ്ങളെ ലാഘവത്വത്തോടും തന്മയത്വത്തോടും കൈകാര്യം ചെയ്തതും രോഗീപരിപാലനത്തിലുള്ള ആത്മാര്‍ത്ഥതയുമാണ് ബിപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ ബി.എസ്.എസി. നഴ്സിംഗ് കഴിഞ്ഞതിനുശേഷം ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ ഉന്നതവിജയം സ്വന്തമാക്കിയ ബിപിനെ ബ്രിട്ടണില്‍ ഒരു സാധാരണ നഴ്സായി കരിയര്‍ തുടങ്ങി പടിപടിയായി ഉയര്‍ന്ന് ബാന്‍ഡ് 8ല്‍ നഴ്സിംഗ് പ്രാക്ട്രീഷണറായി ഉയര്‍ന്ന യോര്‍ക് ഷയറിലെ ഡ്യൂസ്ബറി നിവാസിയായ സാജന്‍ സത്യന്റെ വിജയങ്ങള്‍ സ്വാധീനിച്ചിരുന്നു. ബ്രിട്ടണില്‍ നഴ്സിംഗ് ജോലിയില്‍ പ്രവേശിപ്പിച്ച് പതിനാല് മാസത്തിനുള്ളില്‍ ബാന്‍ഡ് 6 ലഭിച്ചത് ബിപിന് രോഗീപരിപാലനത്തോടുള്ള ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും തെളിവാണ്. നഴ്സിംഗ് പ്രാക്ട്രീഷണറായി കൂടുതല്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കണമെന്ന ജീവിതാഭിലാഷവും കാത്തു സൂക്ഷിക്കുന്ന ബിപിന്‍ അതിനുള്ള തയ്യാറെടുപ്പിലാണ്.

ബിപിന്‍ രാജിന്റെ സ്വദേശം കൊല്ലം ജില്ലയിലെ പത്തനാപുരം കമുകന്‍ചേരിയാണ്. മയൂരി വീട്ടില്‍ രാജേന്ദ്ര ബാബുവിന്റെയും പത്മജയുടെയും മകനായ ബിപിന്‍ ഭാര്യ അഖില മോഹന്‍ദാസിനൊപ്പം ഇംഗ്ലണ്ടിലെ വെയ്ക്ഫീല്‍ഡിലാണ് താമസിക്കുന്നത്. 2016 ഫെബ്രുവരിയില്‍ യുകെയില്‍ ജോലി ആരംഭിച്ച ബിപിന്‍ ബ്രിട്ടണില്‍ ജോലി സമ്പാദിക്കാനുള്ള ശ്രമത്തില്‍ ഉണ്ടായ വൈഷമ്യങ്ങളിലും തിരിച്ചടികളിലും പൂര്‍ണ പിന്തുണ നല്‍കിയ മാതാപിതാക്കളേയും ഭാര്യയേയും നന്ദിപൂര്‍വ്വം സ്മരിച്ചു. IELTS, NMC രജിസ്ട്രേഷന്‍ സംബന്ധമായും വളരെയധികം തിരിച്ചടികള്‍ നേരിട്ടപ്പോഴും തളരാതെ പിടിച്ചുനില്‍ക്കാന്‍ കുടുംബത്തിന്റെ പിന്തുണ ബിപിന് കരുത്തായി. ഇന്ത്യന്‍ നഴ്സിംഗ് സമൂഹം പാശ്ചാത്യലോകത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരണമെന്നും തിരിച്ചടികളില്‍ തളരാന്‍ പാടില്ലെന്നുമാണ് ബിപിന് നഴ്സിംഗ് സമൂഹത്തോട് പറയാനുള്ളത്. ബിപിന്‍ രാജിനെപ്പോലുള്ള പരിണത പ്രജ്ഞരായ നഴ്സസ് ബ്രിട്ടണില്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഭാവിയില്‍ സമ്മാനിക്കുമെന്ന് തീര്‍ച്ചയാണ്.