ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു സ്വകാര്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് ബുധനാഴ്ച ബർമിംഗ്ഹാം വിമാനത്താവളത്തിൽ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. വുഡ്ഗേറ്റ് ഏവിയേഷന്റെ ഇരട്ട എഞ്ചിൻ ബീച്ച് കിംഗ് എയർ 200, ഉച്ചയ്ക്ക് 1:30 ഓടെയാണ് പറന്നുയരുന്നതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു വിമാനത്താവളത്തിൽ തിരിച്ച് വരികയായിരുന്നു. ബെൽഫാസ്റ്റിലേക്ക് പോകുകയായിരുന്ന വിമാനം ലാൻഡിംഗ് ഗിയർ തകരാറിലായതോടെയാണ് റൺവേയുടെ ഒരു വശത്തേക്ക് നീങ്ങിയത്.
സംഭവത്തിൽ ഒരാൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. വിമാനത്തിൻെറ അടിയന്തിര ലാൻഡിംഗ് കാര്യമായ തടസ്സമുണ്ടാക്കി. ഇതിന് പിന്നാലെ എല്ലാ വിമാന പുറപ്പെടലുകളും വരവുകളും വൈകുന്നേരം 7:30 വരെ നിർത്തിവച്ചു. ഇത് 116 ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങളെയാണ് ബാധിച്ചത്. മാഞ്ചസ്റ്റർ, ലൂട്ടൺ, സ്റ്റാൻസ്റ്റഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് ഏകദേശം 21 വിമാനങ്ങൾ തിരിച്ചുവിട്ടു. അതേസമയം പല വിമാനങ്ങളും രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്.
44 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. ഇതിന് പിന്നാലെ വിമാന സർവീസുകളുടെ പെട്ടെന്നുള്ള റദ്ദാക്കൽ നിരവധി യാത്രക്കാരെയാണ് ദുരിതത്തിൽ ആക്കിയത്. ഫ്ലൈറ്റ് ട്രാക്കിംഗ് സേവനങ്ങൾ വ്യാപകമായ കാലതാമസം കാണിച്ചു. എയർ ലിംഗസ്, ടർക്കിഷ് എയർലൈൻസ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. സംഭവത്തിൽ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply