ബർമിംഗ്ഹാം : ബർമിംഗ്ഹാമിലെ ഒരു ബസ് ലെയ്നിൽ നിന്ന് രണ്ട് വർഷത്തിനിടെ ഈടാക്കിയ പിഴ എത്രയെന്ന് കേട്ടാൽ അതിശയിക്കും; 3.9 മില്യൺ പൗണ്ട് ആണത്. 2019 സെപ്റ്റംബറിൽ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ഒൺലി സോണിൽ 1,30,000-ലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തിയിട്ടുണ്ട്. വിവരാവകാശ അഭ്യർത്ഥന പ്രകാരമാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. നഗരത്തിലെ മറ്റ് ബസ് ലെയ്നുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുക. 2021 ഏപ്രിൽ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ലെയ്നിൽ നിന്ന് 26,336 പെനാൽറ്റി ചാർജ് നോട്ടീസുകൾ (പിസിഎൻ) ഈടാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
നഗരത്തിലെ ബാക്കിയുള്ള പത്തു ബസ് ലെയ്നുകളിൽ നൽകിയ പിഴയുടെ മൂന്നിരട്ടിയാണിത്. മറ്റ് ബസ് ലെയ്നുകളിൽ എല്ലാംകൂടി നൽകിയ പിഴ 7476 മാത്രമാണ്. വിവാദമായ ബസ് ലെയ്നെതിരെ ഡ്രൈവർമാർ രംഗത്തെത്തിയെങ്കിലും ഇത് പര്യാപ്തവും ഉചിതവുമാണെന്നാണ് കൗൺസിലിന്റെ വാദം. ആറു മാസം കൊണ്ട് 26,336 പെനാൽറ്റിയാണ് ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ലെയ്നിൽ ഉണ്ടായതെങ്കിൽ രണ്ടാം സ്ഥാനത്തുള്ള സെന്റ് മാർട്ടിൻസ് ക്വീൻസ്‌വേയിൽ 4409 എണ്ണമാണ് ഉള്ളത്.
ക്യാമറകൾ ആദ്യമായി സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷം ഇത്രയധികം കേസുകൾ ഉണ്ടാവുന്നത് സ്വീകാര്യമല്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. ഷീപ്‌കോട്ടിലെ അടയാളങ്ങൾ അപര്യാപ്തമാണെന്ന് സെപ്തംബറിൽ പിഴ ലഭിച്ച പോൾ സ്റ്റെയ്‌നർ അഭിപ്രായപ്പെട്ടു.
Leave a Reply