ജിമ്മി മൂലംകുന്നം : ” ടോട്ടാ പുൾക്രാ” ഗ്രേറ്റ് ബ്രിട്ടൺ രൂപതയടെ പ്രഥമ വനിതാ സമ്മേളനത്തിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ ബർമ്മിംഹാമിലെ ബഥേൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന സമ്മേളനത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയായതായി സംഘാടകർ അറിയ്ച്ചു. രൂപതയുടെ വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് , കൺവീനർ ഫാ. ജോസ് അഞ്ചാനിക്കൽ , ഫാ. ടെറിൻ മുള്ളക്കര , ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ , വിമൻസ് ഫോറം എക്സിക്യൂട്ടീവ് മെമ്പേഴ്സ് , കൈക്കാരന്മാർ എന്നിവരടങ്ങുന്ന ഒരു വലിയ ടീം തന്നെയാണ് നാളെ നടക്കാൻ പോകുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളുടെ വ്യക്തമായ ട്രെയിനിംഗ് വോളനിയേഴ്സിനും ഇതിനോടകം നൽകിക്കഴിഞ്ഞു.
രൂപതയുടെ എട്ട് റീജിയണിൽ നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം വനിതകൾ സമ്മേളനത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബർമ്മിംഗ്ഹാം അതിരൂപതയെ പ്രതിനിധീകരിച്ച് മോൺ. ഡാനിയേൽമക് ഹഗ് സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാൻ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകർ വിശുദ്ധ ബലിയ്ക്ക് സഹകാർമ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകൾ നയിക്കും. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്ക്കാരിക പരിപാടികൾ ആരംഭിക്കും. എട്ട് റീജിയണിൽ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വർഷാചരണത്തിന്റെ ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും.
വിവാഹത്തിന്റെ 25, 40, 50 വർഷ ജൂബിലി ആഘോഷിക്കുന്നവർ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിമൻസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും. സഭ എന്ന് പറയുന്നത് കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബം എന്നു പറഞ്ഞാൽ മാതാവിനും പിതാവിനും തുല്യ പങ്കാളിത്തവും. ഇത് സഭയുടെ പിതാക്കന്മാർ അംഗീകരിക്കുന്ന നഗ്നസത്യവുമാണ്. എങ്കിൽ പിന്നെ കുടുംബനാഥനെ മാറ്റി നിർത്തി കുടുംബനാഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപത വിമൻസ് ഫോറം എന്ന പ്രസ്ഥാനം തുടങ്ങാൻ എന്താണ് കാരണം? “ടോട്ടാ പുൾക്രാ ” എന്ന പേരിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ആദ്യ വാർത്തകൾ പുറത്ത് വന്നതുമുതൽ യുകെ മലയാളികളിൽ നിന്നും കേൾക്കുന്ന ചോദ്യമാണിത്. ഇതേ ചോദ്യം ഞങ്ങൾ മലയാളം യുകെ ന്യൂസും ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാളും പ്രോഗ്രാം കോർഡിനേറ്ററുമായ റെവ. ഫാ. ജിനോ അരീക്കാട്ട് മറുപടി പറഞ്ഞതിങ്ങനെ.. പിതൃവേദിയെ ഉപേക്ഷിച്ചു എന്ന് ഇതിനർത്ഥമില്ല. ഈ വിഷയം രൂപതയുടെ ചിന്തയിലുണ്ട്.
ആത്മീയ കാര്യങ്ങളിൽ ആഴത്തിലുള്ള ചിന്ത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്. അവർ അനുഭവിക്കുന്ന പ്രസവവേദന പോലെ തന്നെയാണ് കുടുംബ ജീവിതത്തെക്കുറിച്ചും അതിലെ വേദനകളെ സഹിക്കുവാനുള്ള അവരുടെ സഹിഷ്ണതയും.. സ്ത്രീകളുടെ മനോഭാവം ആത്മീയമായിട്ട് മാറിയാൽ കുടുംബത്തിൽ കൂടുതൽ പ്രകാശമുണ്ടാകും. അത് സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അഭിവന്ദ്യ പിതാവ് രൂപതയുടെ ആരംഭത്തിൽ തന്നെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കിയത്. അതിലൂടെ കെട്ടുറപ്പുള്ള കുടുംബത്തിലെ നായകന്മാരായി കുടുംബനാഥൻമാരും മാറും എന്നത് ഉറപ്പാണ്.. ആഗോള കത്തോലിക്കാ സഭയിലെ അംഗമാവുക എന്നതു തന്നെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം അഭിമാനമായി മാറണം. വൈകാരികമായി എടുക്കേണ്ട വിഷയങ്ങൾ ഒന്നും ഈ സംഗമത്തിലില്ല. ഒരു സ്ത്രീ ഈ കൂട്ടായ്മയിൽ പങ്കെടുക്കുമ്പോൾ ഭർത്താക്കന്മാർ ചിന്തിക്കേണ്ടത് ഇത്രമാത്രം. “ഈ കൂട്ടായ്മയുടെ ഗുണം ഞങ്ങളുടെ കുടുംബത്തിന് “.
Leave a Reply