വിജയ് മല്ല്യക്ക് കഴിഞ്ഞ ഡിസംബര്‍ 18ന് വയസ്സ് അറുപതായി. അറുപതാം പിറന്നാളല്ലേ, ഒരു സംഭവമാക്കിക്കളയാമെന്ന് മുതലാളിയങ്ങ് തീരുമാനിച്ചു. ഗോവയിലെ ആ ഢംബര വസതിയിലും സമീപമുള്ള ടാജ് റിസോര്‍ട്ടിലും വച്ചായിരുന്നു ആ രാജാവ് ആഘോഷം പൊടിപൊടിച്ചത്. ഭൂമിയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള V.V.I.Pകളെ ആഘോഷത്തില്‍ അണിനിരത്തി. ലോകപ്രശസ്ത ഗായകന്‍ Enrique Iglesias നെ വരുത്തിയാണ് ‘ഹാപ്പി ബെര്‍ത്ത്‌ഡേ’യും മറ്റ് പാട്ടുകളും പാടിച്ചത്. ബോളിവുഡ് ഗായകന്‍ സോനു നിഗം അടക്കം വമ്പന്മാരും വമ്പത്തികളുമാണ് അതിഥികളെ സുഖിപ്പിക്കാന്‍ അണിനിരന്നത്. തിന്നാനും കുടിക്കാനുമാണെങ്കില്‍ ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും മുന്തിയ വകകള്‍തന്നെ ആ പെരുവിരുന്നില്‍ വിളമ്പി. ഈ ‘അടിച്ചുപൊളി’ക്കെല്ലാംകൂടി മുതലാളി മുടക്കിയത് വെറും അഞ്ചുകോടി മാത്രം.
ഓരോ ആളുകള്‍ കഷ്ടപെട്ട് ഉണ്ടാക്കുന്ന പണം അവര് എങ്ങനയോ ചിലവാക്കുന്നതില്‍ നിങ്ങക്കെന്താ ചേതം എന്ന് സംശയിക്കുന്നവര്‍ ഉണ്ടാവാം. എന്നാല്‍ ഇതുകൂടി അറിയണം. മല്ല്യയുടെവക ‘കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്’, ‘യുണൈറ്റഡ് ബ്രൂവെറീസ്’ എന്നീ കമ്പനികള്‍ എത്രയോകാലമായി അടഞ്ഞുകിടക്കുന്നു. കമ്പനിവക വിമാനങ്ങള്‍ നിലത്തിറക്കിയിട്ടിട്ട് കൊല്ലങ്ങളാവുന്നു. ഇരുകമ്പനികളിലെയും ജീവനക്കാര്‍ക്ക് കൂലികൊടുക്കുന്നില്ല. ഇന്‍കം ടാക്‌സ് റിട്ടേണ്‍ കൊടുക്കുകയോ നികുതി അടയ്ക്കുകയോ ചെയ്യുന്ന പരിപാടിയേയില്ല. ബാങ്കുകളിലെ വീട്ടാക്കടമായ 6000 കോടിയില്‍ ഒരുരൂപപോലും തിരിച്ചടയ്ക്കാന്‍ മല്ല്യ കൂട്ടാക്കുന്നുമില്ല.
മല്ല്യയെപ്പോലെ ആയിരക്കണക്കിന് മുതലാളിമാര്‍ ബാങ്കുകളെ കടക്കെണിയിലാക്കിയശേഷം അഞ്ചുകോടിയുടെ പിറന്നാള്‍ മാമാങ്കംപോലുള്ള അസംബന്ധനാടകങ്ങള്‍ കളിക്കുകയും ചെയ്യുന്നു. എല്ലാം ‘വേണ്ടപ്പെട്ടവരായ’ ഭരണവര്‍ഗ്ഗത്തിന്റെ ഒത്താശകളോടെ.