പയ്യന്നൂരിൽ വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിന് ഹോട്ടലിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഹോട്ടലുടമയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് പ്രസിഡൻ്റുമായ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ യുവാക്കൾക്കുമാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂർ മൈത്രി ഹോട്ടലിലാണ് സംഭവം.
ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. എന്നാൽ കഴിക്കാൻ വേണ്ടി ഭക്ഷണം വിളമ്പിയ നേരത്താണ് ലഭിച്ചത് ചിക്കൻ ബിരിയാണിയാണെന്ന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഓർഡർ ചെയ്തയാൾ ഇതിന്റെ പേരിൽ ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
വിവരം ഹോട്ടലുടമയെ അറിയിച്ചിട്ടും ഭക്ഷണം മാറ്റി നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം. താൻ വെജ് മാത്രമെ കഴിക്കുകയൊളളൂവെന്നും മാംസാഹാരം കഴിക്കില്ലെന്നും ഇയാൾ പറഞ്ഞിട്ടും ഭക്ഷണം മാറ്റി നൽകിയില്ല.
ഇതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ രണ്ടു യുവാക്കൾ കൂടി ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. അയാൾക്ക് കൊടുത്ത ചിക്കൻ ബിരിയാണി തങ്ങൾക്ക് നൽകി വെജ് ബിരിയാണി അയാൾക്ക് നൽകണമെന്ന് യുവാക്കൾ നിർദേശിച്ചു. എന്നാൽ ഹോട്ടലുടമ ഇവരുടെ നിർദേശവും പരിഗണിച്ചില്ല. തുടർന്നുണ്ടായ അടിപിടിയിൽ യുവാക്കള്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു.
ബഹളത്തെ തുടർന്ന് ആളുകൾ കൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവത്തിൽ ഹോട്ടലുടമയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലുടമയും തർക്കമുണ്ടാക്കിയ വ്യക്തിയും പരാതി നൽകിയിട്ടുണ്ട്.











Leave a Reply