അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.
ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു ദിവസംമുന്‍പാണ് മെത്രാപ്പോലീത്ത അമേരിക്കയില്‍ എത്തിയത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.
തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്‌ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്‌ക്കു രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.
തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്സ് സഭയോടു ചേർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു. അടുത്ത കാലത്തായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പുനർനാമകരണം ചെയ്തിനു പിന്നിൽ പൗരസ്ത്യ ക്രൈസ്തവ ആരാധനാക്രമത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ആദരവുമാണ് പ്രതിഫലിക്കുന്നത്.
ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്ന വിധം മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്. യുഎസിലും കാനഡയിലും യുകെയിലും ഓസ്ട്രേലിയയിലുമായി ഏകദേശം 900 റേഡിയോ സ്റ്റേഷനുകളിലൂടെ പ്രക്ഷേപണം നടത്തുന്ന യാഥാർഥ്യത്തിലേക്കുള്ള വഴി എന്ന റോഡ് ടു റിയാലിറ്റി ശ്രദ്ധേയമായ പ്രവർത്തനമാണ്.
Leave a Reply