ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം.
മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2003 ല്‍ ഇടുക്കി രൂപത രൂപവത്കരിച്ചപ്പോള്‍ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു. അന്നുമുതല്‍ 2018 വരെ 15 വര്‍ഷക്കാലം രൂപതയുടെ ചുമതല വഹിച്ചു.
75 വയസ്സ് പൂര്‍ത്തിയായപ്പോള്‍ 2018 ല്‍ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും വഹിച്ചിരുന്നു.
വിശ്വാസികളുടെയും ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദമായിരുന്നു പതിറ്റാണ്ടുകളോളം ആനിക്കുഴിക്കാട്ടിലിന്റേത്. കാനോന്‍ നിയമപ്രകാരം 75 വയസ്സുകഴിഞ്ഞ ബിഷപ്പുമാര്‍ വിരമിക്കണം. അതനുസരിച്ച് 2018 ല്‍ സ്ഥാനമൊഴിയുകയായിരുന്നു.
ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി മണ്ണിന്റെ മക്കൾ വാദവുമായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി നിർണായക നിലപാടുകളെടുത്തും ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ഇടുക്കി രൂപതയുടെ പ്രഥമ ഇടയനായാണ് വിടപറഞ്ഞ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച വ്യക്തിത്വം. എന്നും വിവാദങ്ങളില്‍ നിറഞ്ഞ ആനിക്കുഴിക്കാട്ടില്‍ പരസ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വൈദികന്‍ കൂടിയായിരുന്നു എന്നു പറയാം. കുടിയേറ്റ കര്‍ഷകന്റെ സ്വരമായി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് ഇടുക്കി രൂപയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയുടെ അമരക്കാരനായ ബിഷപ് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ ഇടംനേടിയതാണ്.
15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനായും 1942 സെപ്റ്റംബര്‍ 23-നാണ് കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക-എലിസബത്ത് ദന്പതികളുടെ മകനായി മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനമാരംഭിച്ചു. കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാര്‍ച്ച് 15-ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ബലിയര്‍പ്പിച്ചു.
കോതമംഗലം ടൗണ്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ജീവജ്യോതിയുടെയും പാസ്റ്ററല്‍ സെന്ററിന്റെയും ഡയറക്ടറായി നിയമിക്കപ്പെട്ടു. മാര്‍ മാത്യൂസ് പ്രസ് മാനേജരായും സേവനംചെയ്തു. അതോടൊപ്പംതന്നെ നെയ്‌ശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു. 1985-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ അദ്ദേഹം പൊട്ടന്‍കാട് പള്ളിയിലും രണ്ടാര്‍ പള്ളിയിലും സേവനംചെയ്തു. 1990-ല്‍ കോതമംഗലം രൂപതാ ചാന്‍സലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 2000-ല്‍ കോതമംഗലം മൈനര്‍ സെമിനാരി റെക്ടറായി. ഇതോടൊപ്പം തൃക്കാരിയൂര്‍ പള്ളിയിലും സേവനംചെയ്തു. കോതമംഗലം രൂപതാ പ്രിസ്ബറ്റേരിയല്‍ കൗണ്‍സില്‍, കാത്തകറ്റിക്കല്‍ കമ്മിറ്റി, രൂപതാ നിര്‍മ്മാണപ്രവര്‍ത്തന കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു.
2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15-ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെ നിയമിച്ചു. 2003 മാര്‍ച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മെത്രാഭിഷേകവും നടന്നു. കര്‍മവേദിയില്‍ തീഷ്ണമതിയായ മാര്‍ ആനിക്കുഴിക്കാട്ടില്‍ ഇടുക്കിയുടെ ഇടയനായി സേവനം ചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനായും കെസിബിസി എസ്സി/എസ്ടി കമ്മീഷന്‍, സീറോ മലബാര്‍ സിനഡല്‍ കമ്മീഷനംഗം എന്നീ നിലയിലെല്ലാം പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയെ സ്വയംപര്യാപ്തതയിലെത്തിച്ചു
എണ്‍പത്തിയേഴ് വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വര്‍ഷംകൊണ്ട് 111 പുതിയ വൈദികര്‍കൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളര്‍ന്നു. എട്ടു ഫൊറോനകളും 86 സ്വതന്ത്ര ഇടവകകളും 30 സ്റ്റേഷന്‍ പള്ളികളുമായി പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി രൂപതയെ കരുത്തുറ്റ നേതൃത്വത്തിലൂടെ പുരോഗതിയിലേക്കു നയിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഏറെ ബാലാരിഷ്ടതകള്‍ തരണംചെയ്ത് 15 വര്‍ഷംകൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷന്‍ സ്റ്റേഷനുകളിലുമായി രൂപതയിലെ വിശ്വാസീസമൂഹത്തെ വളര്‍ത്തി.
രൂപത സ്ഥാപിച്ചപ്പോള്‍ ഏഴു സന്യാസസഭകളാണുണ്ടായിരുന്നത്. അത് 13 ആയി വളര്‍ന്നു. 14 സന്യാസഭവനങ്ങള്‍ വളര്‍ന്ന് 22 ആയി. സന്യാസിനീസഭകള്‍ 2003-ല്‍ 13 ആയിരുന്നെങ്കില്‍ 15 വര്‍ഷംകൊണ്ട് 30 ആയി വര്‍ധിച്ചു. സന്യാസിനീഭവനങ്ങള്‍ 102-ല്‍നിന്നും 150ലേക്കു വളര്‍ന്നു. ഈ കാലയളവില്‍ 25 ദേവാലയങ്ങള്‍ പുതുക്കി നിര്‍മ്മിക്കപ്പെട്ടു. പള്ളികളോടനുബന്ധിച്ച് 27 വൈദികമന്ദിരങ്ങളും പുതുക്കി നിര്‍മ്മിച്ചു. നിലവില്‍ രണ്ടു കോളജുകളും എട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 17 ഹൈസ്‌കൂളുകളും നിരവധി യുപി, എല്‍പി സ്‌കൂളുകളും സാങ്കേതിക വിദ്യാഭ്യാസത്തിന് ഒരു ഐടിസിയും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്നു. രൂപതയുടെ സാമൂഹ്യസേവന രംഗത്ത് ഇടപെടലിനായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയും ആരംഭിച്ചു. ഇതിനു പുറമെ മൈനര്‍ സെമിനാരി, അടിമാലി പാസ്റ്ററല്‍ സെന്റര്‍, പ്രീസ്റ്റ് ഹോം, വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയം തുടങ്ങി രൂപതയുടെ ഭൗതികതല വികസനവും പിതാവിന്റെ ഇച്ഛാശക്തിയുടെ ഫലമായി വളര്‍ന്നുവന്നിട്ടുള്ളതാണ്.
ഹൈറേഞ്ചുകാരുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച ബിഷപ്പായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജാതി-മത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച മെത്രാന്‍ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.
ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതയിലെ അജപാലന ദൗത്യത്തില്‍നിന്നും ചാരിതാര്‍ഥ്യത്തോടെയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ പടിയിറക്കം. വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. 2018 ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിന് വാഴത്തോപ്പ് കത്തീഡ്രലില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അടുത്ത ഇടയശ്രേഷ്ഠനായി മെത്രാഭിഷേകം ചെയ്തു.
രാഷ്ട്രീയ വിവാദങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിന് സീറ്റ് നിഷേധിക്കാന്‍ ഇടയായിലെ മുഖ്യവ്യക്തിത്വം ബിഷപ്പിന്റതായിരുന്നു. യുഡിഎഫുമായുള്ള സൗഹൃദം ഉപേക്ഷിച്ചു ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നില്‍ക്കുകയായിരുന്നു.ഹൈറേഞ്ച് സംരക്ഷണത്ത സമിതി ഉണ്ടാക്കി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു അദ്ദേഹം. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ചും ബിഷപ്പ് വിവാദത്തില്‍ ചാടി. കോണ്‍ഗ്രസുകാര്‍ക്ക് ധാര്‍ഷ്ട്യമാണെന്നായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം.
ഇപ്പോള്‍ തങ്ങളെ തേടി വരുന്നത് വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് പക്വത കാണിക്കാതെ പലപ്പോഴും വിമര്‍ശിച്ചെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പിനെ കാണാന്‍ ഡീന്‍ കുര്യാക്കോസ് രൂപതാ ആസ്ഥാനത്തെത്തിയപ്പോഴായിരുന്നു വിമര്‍ശനം. പട്ടയ വിഷയത്തില്‍ ധാര്‍ഷ്ട്യം കാണിച്ച റവന്യൂമന്ത്രിയെ പറിച്ച് എറിയണമെന്നും തങ്ങളെ എതിര്‍ത്ത ഇടുക്കിയെ സിറ്റിങ് എംപി പി.ടി തോമസിന്റെ അവസ്ഥ കണ്ടില്ലേയെന്നും കെ.ടി തോമസിനെ പുറത്താക്കിയത് തങ്ങളല്ല ജനങ്ങളാണെന്നും ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
ബിഷപ്പിന്റെ വിമര്‍ശനങ്ങള്‍ അംഗീകരിച്ചെന്നും ബിഷപ്പിന് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡീന്‍ ഇതേക്കുറിച്ചു പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തിലാണ് ഇടുക്കി രൂപത. രൂപതയുടെ കൂടി പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജാണ് ഇടുക്കി മണ്ലത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ എതിരാളി.
മിശ്ര വിവാഹത്തെ വിമര്‍ശിച്ചും വിവാദത്തില്‍ ചാടിയ വ്യക്തിത്വമായിരുന്നു ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റേത്. ക്രൈസ്തവ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിഗൂഢ അജന്‍ഡയുണ്ടെന്ന വിവാദ പ്രസ്താവനയുടെ പേരിലും അദ്ദേഹം ഏറെ വിമര്‍ശനം നേരിട്ടു. വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയപ്പോള്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗം ദുരുദ്ദേശപരമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. മതവിദ്വേഷം പടര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് ബിഷപ്പിനെതിരെ കേസ് എടുക്കണമെന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു.
ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടര്‍ന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) ഖേദം പ്രകടിപ്പിക്കേണ്ടി വന്നിരുന്നു. ബിഷപ്പിന്റെ വാക്കുകള്‍ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ലൗ ജിഹാദ് വിവാദങ്ങളെ കുറിച്ചു തുടക്കം മുതല്‍ പറഞ്ഞ വ്യക്തി കൂടിയാരിുന്നു ആനിക്കുഴിക്കാട്ടില്‍. മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലി….
Leave a Reply