ജലന്തര്‍ ബിഷപ് ഉള്‍പ്പെട്ട പീഡനക്കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം. ജലന്തര്‍ രൂപത പി.ആര്‍.ഒ. പീറ്റര്‍ കാവുംപുറം, ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവു ലഭിച്ചു. പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുത്തു. ഫാദര്‍ എര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. കോട്ടയത്തിനുപുറത്ത് മൂന്നുജില്ലകളില്‍ പൊലീസ് സംഘങ്ങള്‍ തെളിവുശേഖരണം തുടരുകയാണ്.

ഇതിനിടെ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണചുമതല കൈമാറി. വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത്. വത്തിക്കാനിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് ബിഷപ്പിന്റെ നീക്കമെന്നും സുചനയുണ്ട്. ഫാ.മാത്യു കോക്കണ്ടമാണ് രൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിന് പിന്നാലെയാണ് ചുമതല കൈമാറിയത്. കുറ്റാരോപിതനായ ബിഷപ് ചുമതലകളിൽ തുടരുന്നതിൽ വത്തിക്കാനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ യുടെ പ്രസിഡന്റ് ഒസ്വാൾ ഗ്രേഷ്യസും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാറി നിൽക്കണമെന്ന നിലപാടെടുത്തു. തുടർന്നാണ് കൂടിയാലോചനകൾക്ക് ശേഷം ചുമതല കൈമാറി കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ പ്രധാന ചുമതലയും മറ്റ് മൂന്ന് വൈദീകർക്ക് സഹ ചുമതലകളും കൈമാറി.

എല്ലാം ദൈവത്തിന് കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർഥിക്കണമെന്നും ബിഷപ് സർക്കുലറിൽ ആവശ്യപ്പെടുന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്ക് മുൻപായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ ബിഷപ് കേരളത്തിൽ എത്തുമെന്നാണ് ജലന്തർ രൂപത വൃത്തങ്ങൾ നൽകുന്ന വിവരം.