തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം അമ്മയെ കൊലപ്പെടുത്തിയ മകന്റെ വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ ദൃശ്യങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. 55കാരിയായ കുഞ്ഞന്നാമ്മയെ കൊലപ്പെടുത്തിയ മകന്‍ 27കാരന്‍ നിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നിതിന്റെ മൊഴികള്‍ വ്യത്യസ്ഥമാണ്. അമ്മയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്താണെന്ന് ചോദിക്കുമ്പോള്‍ അമ്മയെക്കുറിച്ച് കുറ്റങ്ങള്‍ മാത്രമേ നിതിന് പറയാനുണ്ടായിരുന്നുള്ളൂ. നിതിന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കള്‍ അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കള്‍ വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നല്‍കിയില്ലെന്നും ഉപദ്രവിച്ചതായും നിതിന്‍ പറഞ്ഞു.

അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകന്‍ അതേ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവക്കുകയും തുടര്‍ന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച് പരാതികള്‍ മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരിയിലാണു നിതിന്‍ നാട്ടിലെത്തിയത്.

വിദേശത്തായിരുന്ന സമയത്തും അമ്മയ്ക്ക് പണം അയച്ച് നല്‍കുമായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിന്‍ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടില്‍ എത്തിയതു മുതല്‍ നിതിനും അമ്മയും തമ്മില്‍ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.