ഇന്ത്യയില്‍ ബിറ്റ് കോയിന്‍ വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ഇക്കാര്യം കേന്ദ്രം പരിഗണിച്ചുവരികയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്്ലി വ്യക്തമാക്കി. ക്രിപ്റ്റോ കറന്‍സികളില്‍ ട്രേഡിങിന് ഇന്ത്യയില്‍ നിയസാധുതയില്ല. എന്നാല്‍ ലോകത്തെ ക്രിപ്റ്റോ കറന്‍സി ട്രേഡിങ്ങിന്റെ 11 ശതമാനത്തോളം ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്തണമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
2017 അവസാനത്തോടെ സാമ്പത്തിക ലോകം ഏററവും ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു ബിറ്റ്കോയിന്‍. ക്രിപ്റ്റോ കറന്‍സികളില്‍ ഉള്‍പ്പെടുന്ന ബിറ്റ് കോയിനാണ് ഇതില്‍ പ്രമുഖം. വിനിമയമൂല്യം 10,000 ഡോളറായതാണ് ബിറ്റ്കോയിനെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളിലെത്തിച്ചത്. ഒരു വര്‍ഷം മുന്‍പ് 70,000 രൂപയോളം വിലയുണ്ടായിരുന്ന ഒരു ബിറ്റ് കോയിന് ഇന്ന് വില ഏഴ് ലക്ഷത്തിനടുത്താണ്. 2009ല്‍ അവതരിപ്പിച്ച ബിറ്റ്കോയിന് 2010ല്‍ രണ്ട് രൂപയായിരുന്നു മൂല്യം. കഴിഞ്ഞ സെപ്തംബറില്‍ ഇത് 1.75 ലക്ഷം രൂപയായി. മൂന്ന് മാസം മുന്‍പ് തുടങ്ങിയ കുതിപ്പാണ് ഇപ്പോള്‍ ഏഴ് ലക്ഷത്തിനടുത്തെത്തിയത്. ആഭ്യന്തര അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലുള്ളവര്‍ നിക്ഷേപങ്ങള്‍ ബിറ്റ് കോയിനിലേക്ക് മാറ്റിയതാണ് മൂല്യം ഉയരാന്‍ കാരണം.
ലോകത്ത് ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന വിര്‍ച്വല്‍ കറന്‍സികളില്‍ ഒന്നാണ് ബിറ്റ്കോയിന്‍. ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലും രാജ്യാന്തരതലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ബിറ്റ് കോയിനുകള്‍ ഉപയോഗിക്കാം. പല രാജ്യങ്ങളുടേയും നാണയങ്ങളുപയോഗിച്ച് ബിറ്റ് കോയിനുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് സൗകര്യവും നിലവിലുണ്ട്. ഡിജിറ്റല്‍ വാലറ്റുകളുടെ രൂപത്തിലാണ് ബിറ്റ്കോയിനുകള്‍ ശേഖരിക്കപ്പെടുന്നത്. വിര്‍ച്വല്‍ ബാങ്ക് അക്കൗണ്ടുകളുടെ രൂപത്തില്‍ ക്ലൗഡിലോ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലോ ആണ് ബിറ്റ് കോയിനുകള്‍ ശേഖരിക്കപ്പെടുക. ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് ബിറ്റ് കോയിനുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും സാധിക്കും. ഷോപ്പിങിന് പുറമേ സമ്പാദ്യമായി ശേഖരിച്ചു വെയ്ക്കാനും കഴിയും.
ഓരോ ബിറ്റ് കോയിന്‍ ഇടപാടുകളും പബ്ലിക് ലോഗില്‍ വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും പേരില്‍ രേഖപ്പെടുത്തി വയ്ക്കുമെങ്കിലും ഇത് ഒരിക്കലും പുറത്തുവിടില്ല. വാലറ്റ് ഐഡികളില്‍ മാത്രമേ ഇവ കാണാന്‍ കഴിയൂ. ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങള്‍ ഒരിക്കലും തിരിച്ചറിയില്ല എന്നതിനാല്‍ മയക്കുമരുന്നുകളും അനധികൃത വസ്തുക്കളും മറ്റും വാങ്ങുന്നതിനായി ബിറ്റ് കോയിനുകള്‍ ഉപയോഗിക്കുന്നുണ്ട്.
ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല. നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല്‍ ബിറ്റ്കോയിന്റെ വിനിമയം റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നുമില്ല. എങ്ങനെ വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാല്‍ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനങ്ങളില്ലാ എന്നതും ന്യൂനതകളിലൊന്നാണ്. അടുത്തിടെയുണ്ടായ വാനാക്രൈ വൈറസ് ആക്രമണം നടത്തിയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിറ്റ്കോയിനിലായിരുന്നു.
എന്നാല്‍ ശക്തമായ സുരക്ഷാ നെറ്റ്‍വര്‍ക്കും ഇടനിലക്കാരില്ലാതെ വിനിമയം നടത്താമെന്നുള്ളത് ബിറ്റ് കോയിനെ ഭാവി കറന്‍സിയായി പരിഗണിക്കുന്നവരും കുറവല്ല. ബിറ്റ് കോയിന്റെ മൂല്യം 2018ല്‍ 40,000 ഡോളറാകുമെന്നും കരുതപ്പെടുന്നു.
Leave a Reply