നമ്മുടെ നാടിന്‍റെ മനോഹാരിത വാക്കുകളില്‍ ആവാഹിച്ച കുട്ടനാടന്‍ പാട്ടെഴുത്തുകാരന് വിട. ഇന്നലെ അന്തരിച്ച ബീയാര്‍ പ്രസാദിന്‍റെ മൃതദേഹം സ്വന്തം ആലപ്പുഴ മങ്കൊമ്പില്‍ എത്തിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് സംസ്കാരം.

ജീവിതംകൊണ്ട് നാട്ടുകാരനായിരുന്നു ബീയാർ പ്രസാദ്. നഗരങ്ങളെക്കാൾ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ ചെളിവരമ്പുകളി‌ലും നാട്ടുവഴികളിലും നടക്കാനായിരുന്ന ബിയാറിന് ഇഷ്ടം. നാട്ടിലുള്ളപ്പോള്‍ സായാഹ്നങ്ങളില്‍ മങ്കൊമ്പിലെ നാട്ടുകവലകളിൽ പ്രസാദ് സജീവ സാന്നിധ്യമായിരുന്നു.

മങ്കൊമ്പിലെ വയലോരത്തെ വീടും നെൽപാടവും തോടുകളും വള്ളംകളിയുമൊക്കെ ബീയാർ ജീവിതത്തോട് ചേർത്തു വച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതം സഹിക്കാനാകാതെ പലരും നാടുവിട്ടപ്പോൾ ബിയാർ ഇവിടെ തുടർന്നത് കുട്ടനാടിനോടുള്ള സ്നേഹം കൊണ്ടായിരുന്നു. വെള്ളത്തിൽ വീടും പരിസരവും മുങ്ങുമ്പോൾ തനി കുട്ടനാട്ടുകാരനായി ചിരിച്ചു കൊണ്ട് അതിനെ നേരിട്ടു.

പൊൻവേലി വാക്കൽ പാടശേഖരത്തിന്റെ വക്കിലാണ് ബീയാറിന്റെ വീട്. വർഷങ്ങളായി തരിശു കിടക്കുന്ന പാടത്തു നിന്ന് ചെറിയ വേലിയേറ്റത്തിലും വെള്ളം വഴിയിലും വീട്ടുമുറ്റത്തും കയറും. വെള്ളക്കെട്ടിലൂടെ നടന്നാണ് ബിയാർ റോഡിലേക്കെത്തിയിരുന്നത്. തനിക്കിഷ്ടമായിരുന്ന ഇടത്തേക്ക് ചേതനയറ്റ ശരീരമായി ബിയാർ വീണ്ടുമെത്തുകയാണ്.

ബിയാറിന്റെ കലാജീവിതത്തിന്റെ തുടക്കം മങ്കൊമ്പ് ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടായിരുന്നു .മങ്കൊമ്പിൽ നിന്ന് ബിയാറിനെപ്പോലാരാൾ ഇനിയുണ്ടാകുമോ എന്ന ചോദ്യമാണ് ഇവരുടെയെല്ലാം മനസിൽ.

എന്നും ഓർക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ ബാക്കിയാക്കിയാണ് പ്രിയ പാട്ടുകാരന്റെ യാത്ര. കേരളത്തെയും കുട്ടനാടിനെയും ഓരോ വർണ്ണനയിലും കണ്മുന്നിലെത്തിക്കുന്നതാണ് ജലോത്സവത്തിലെ ‘കേരനിരകളാടും’ എന്ന ഗാനം. സിബി മലയിൽ തന്നെക്കൊണ്ട് ആ പാട്ടെഴുതിച്ചതിനേക്കുറിച്ച് പ്രസാദ് പറഞ്ഞത് ഇങ്ങനെയാണ്.

സിബി മലയിലിന്റെ സംവിധാനത്തിൽ 2004-ൽ റിലീസിനെത്തിയ ചിത്രമാണ് ജലോത്സവം. നന്നായെഴുതിയാൽ കുട്ടനാട്ടുകാരനായതുകൊണ്ട് നന്നായെന്നും, മോശമായാൽ കുട്ടനാട്ടുകാരനായിട്ടും നന്നായില്ല എന്നുമാകും ആളുകൾ പറയുകയെന്ന് സിബി പറഞ്ഞു. അത് വാശിയായി എടുത്താണ് പാട്ടെഴുതിയതെന്നാണ് ബീയാർ പ്രസാദ് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“കേരനിരകളാടും എന്ന പാട്ടെഴുതാന്‍ വിളിച്ചപ്പോള്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞത്, കുട്ടനാടാണ് കഥ നടക്കുന്നത് . കുട്ടനാടിന്റെ സൗന്ദര്യത്തെക്കുറിച്ചു കുട്ടനാടുകാരനായ താങ്കള്‍ എങ്ങനെ പറയും. നന്നായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനാണ്, കുട്ടനാടിനെക്കുറിച്ചു നല്ലൊരു പാട്ടെഴുതി എന്ന് ആളുകൾ പറയും. മോശമായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനായിട്ടും നല്ലൊരു പാട്ടെഴുതാന്‍ കഴിഞ്ഞില്ല എന്നും പറയും. അത് എനിക്കൊരു വാശിയായിരുന്നു. നല്ലൊരു പാട്ടെഴുതണമെന്ന് ഉദ്ദേശിച്ച് ബുദ്ധിമുട്ടി തന്നെയാണ് ആ പാട്ട് എഴുതിയിട്ടുള്ളത്.”

സിനിമയിൽ പൂർണ്ണമായും പാട്ട് ഉപയോഗിക്കാത്തതിനാൽ അവാർഡുകൾക്ക് പരിഗണിക്കില്ല. പാട്ടിന് പൂർണ്ണമായ ദൃശ്യാവിഷ്കാരവും സിനിമയിൽ ഇല്ല. പല ആളുകളും ടെലിവിഷൻ ചാനലുകളും സിനിമയിലെയും അല്ലാതെയും ദൃശ്യങ്ങൾ ചേർത്ത് പാട്ട് ഏഡിറ്റ് ചെയ്ത് ഉപയോഗിച്ചു. മലയാളി ഉള്ളിടത്തൊക്കെ കേരനിരകളാടും എന്ന പാട്ടും ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

“കേരനിരകളാടും എന്ന പാട്ട് വളരെ അഭിനന്ദനങ്ങള്‍ നേടിത്തന്നു. അത് എന്റെ കൈ വിട്ടു പോയി എന്നു പറയുന്ന അവസ്ഥയാണ്. ടൈറ്റില്‍ സോങ്ങായാണ് ‘ജലോത്സവം’ എന്ന സിനിമയില്‍ പാട്ട് ഉപയോഗിച്ചത്. സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ഒമ്പതോളം ഈണങ്ങള്‍ കേള്‍പ്പിച്ചിരുന്നു. സംവിധായകന്‍ സിബി മലയില്‍ സെലക്ട് ചെയ്ത ട്യൂണാണിത്. എനിക്കും ഇഷ്ടം തോന്നിയ ട്യൂണ്‍ ഇതു തന്നെയായിരുന്നു. പാട്ട് സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. പാട്ടിന്റെ പകുതി മാത്രമേ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളൂ.

പകുതി മാത്രം സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവാര്‍ഡിന് പോലും പരിഗണിക്കില്ല. പാട്ടിനു വേറെ ദൃശ്യങ്ങള്‍ ആളുകള്‍ ഷൂട്ട് ചെയ്തു ചേര്‍ത്തു. സിനിമയിലെ ദൃശ്യങ്ങള്‍ തന്നെ ഉപയോഗിച്ച് പല ചാനലുകളിലും വന്നു. മലയാളികളുള്ളിടത്തൊക്കെ കേരളീയ നൃത്തത്തിന്റെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കേരളപ്പിറവി ദിനങ്ങളിലും മലയാളത്തിലുണ്ടായിട്ടുള്ള പത്തു പാട്ടുകളിലൊന്നായി തിരഞ്ഞെടുക്കപ്പെടാറുണ്ട്.

കുട്ടനാട് പാക്കേജിന്റെ ഉദ്ഘാടനം അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ നിര്‍വ്വഹിക്കുമ്പോള്‍ പശ്ചാചത്തലത്തില്‍ ഇട്ടിരുന്നത് ഈ ഗാനമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സത്യപ്രതിജഞക്ക് തൊട്ടുമുമ്പ് കേള്‍പ്പിച്ചതും ഈ ഗാനമാണ്. അങ്ങനെ കേരളത്തിന്റെ ഒരു ഐക്കണായി ഈ ഗാനം മാറി…..

ബിജോ തോമസ് അടവിച്ചിറ